ആബട്ട് ഫ്‌ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം അവതരിപ്പിച്ചു

Posted on: April 8, 2015

Abbot-Flash-Glucose-monitor

കൊച്ചി : ആബട്ട് ഫ്‌ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ പ്രൊഫഷണൽ പതിപ്പ് അവതരിപ്പിച്ചു. ഈ ഉപകരണം പ്രമേഹമുള്ളവരുടെ ഗ്ലൂക്കോസ് തോത് വിലയിരുത്തുന്നതിനുള്ള സാങ്കേതികവിദ്യയിൽ വിപ്ലവകരമായ മാറ്റം കുറിക്കും. ഡോക്ടർമാർക്ക് വ്യക്തിഗതമായി പ്രമേഹചികിത്സ ആസൂത്രണം ചെയ്യാൻ സാധിക്കുന്ന ഗ്ലൂക്കോസ് നിർണയ ഉപകരണമാണിതെന്ന് ആബട്ട് ഡയബറ്റിക്‌സ് കെയർ സീനിയർ വൈസ് പ്രസിഡന്റ് റോബർട്ട് ഫോർഡ് പറഞ്ഞു.

പത്തു രൂപ നാണയത്തേക്കാൾ അൽപ്പം മാത്രം വലുതും ഉരുണ്ടതുമായ സെൻസർ അടങ്ങിയതാണ് ആബട്ടിന്റെ ഫ്‌ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ്സിസ്റ്റം. സൂക്ഷ്മവും ജലപ്രതിരോധശേഷിയുള്ളതും ആവശ്യത്തിന് ശേഷം ഉപേക്ഷിക്കാവുന്നതുമായ സെൻസർ പ്രമേഹരോഗിയുടെ മേൽക്കൈയുടെ താഴെ ഘടിപ്പിക്കുന്നു. സ്വയം ഒട്ടിപ്പിടിക്കുന്ന പാഡ് ഉപയോഗിച്ചാണ് 14 ദിവസത്തേക്ക് ഇത് ഘടിപ്പിക്കുന്നത്. ഇന്റർസ്റ്റീഷ്യൽ ദ്രാവകത്തിലെ ഗ്ലൂക്കോസിന്റെ തോത് ഈ സിസ്റ്റം ത്വക്കിന് തൊട്ടു താഴെ ഇറക്കുന്ന 5 എംഎം നീളവും 0.4 എംഎം വീതിയുമുള്ള ഫിലമെന്റ് ഉപയോഗിച്ച് നിരന്തരമായി നിർണയിക്കുന്നു. ഓരോ 15 മിനിറ്റിലും രേഖപ്പെടുത്തും. 14 ദിവസത്തിനുള്ളിൽ 1340 ഗ്ലൂക്കോസ് റീഡിങ്ങുകൾ വരെ ഡോക്ടർമാർക്ക് ഇതിലൂടെ ലഭ്യമാകും.

പതിന്നാലു ദിവസത്തിനു ശേഷം രോഗി ഡോക്ടറെ കാണാനെത്തുമ്പോൾ ഈ സെൻസർ ഒരു ഫ്‌ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് റീഡർ ഉപയോഗിച്ച് സ്‌കാൻ ചെയ്ത് ഫലങ്ങൾ ഡൗൺലോഡ് ചെയ്യുന്നു. കേവലം അഞ്ചു സെക്കൻഡുകൾ കൊണ്ടാണ് ഇത് സാധ്യമാകും. സെൻസർ വസ്ത്രത്തിനുള്ളിലിരിക്കുമ്പോൾ തന്നെ രഹസ്യസ്വഭാവം നിലനിർത്തി ഈ സ്‌കാനിങ്ങ് നിർവഹിക്കാൻ കഴിയും. ഇന്ത്യയിൽ രക്തത്തിലെ പഞ്ചസാരയുടെ തോത് കാര്യക്ഷമമായി നിയന്ത്രിക്കാത്ത രോഗികളുടെ എണ്ണം താരതമ്യേന കൂടുതലാണെന്ന് പ്രമുഖ എൻഡോക്രൈനോളജിസ്റ്റും ഡയബറ്റോളജിസ്റ്റും അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ഡോ. ശശാങ്ക് ജോഷി പറഞ്ഞു.

ഫ്‌ളാഷ് ഗ്ലൂക്കോസ് മോണിറ്ററിംഗ് സിസ്റ്റം വരുന്ന ആഴ്ചകളിൽ മുംബൈ, ഡൽഹി, ചെന്നൈ, ബംഗലുരു, പുനെ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഡോക്ടർമാർക്ക് ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക് 0008001005780 എന്ന ആബട്ട് ഡയബറ്റിക്‌സ് ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകും.