ഖത്തറിന്റെ വികസനത്തിൽ സ്വകാര്യമേഖല നിർണായകമെന്ന് ഡോ. സീതാരാമൻ

Posted on: April 5, 2015

Doha-Bank-Japan-Dialogue-Bi

ദുബായ് : ഖത്തറിൽ ഹൈഡ്രോകാർബൺ ഇതരവികസനത്തിൽ സ്വകാര്യമേഖലയ്ക്ക് നിർണയാക പങ്കുവഹിക്കാനുണ്ടെന്ന് ദോഹ ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. ആർ. സീതാരാമൻ. അവസരങ്ങൾ ഖത്തറിലും ജിസിസിയിലും എന്ന വിഷയത്തെ ആസ്പദമാക്കി ദോഹ ബാങ്ക് ടോക്കിയോയിൽ സംഘടിപ്പിച്ച നോളജ് ഷെയറിംഗ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎംഎഫിന്റെ വിലയിരുത്തൽ പ്രകാരം ആഗോള സമ്പദ് വ്യവസ്ഥ 2015 ൽ 3.5 ശതമാനവും 2016 ൽ 3.7 ശതമാനവും വളർച്ച കൈവരിക്കും. അമേരിക്കയുടെ സാമ്പത്തിക വളർച്ച 2015 ൽ 3.6 ശതമാനവും 2016 ൽ 3.3 ശതമാനവുമായിരിക്കും. യൂറോ മേഖലയിൽ വളർച്ച യഥാക്രമം 1.2 ശതമാനവും 1.4 ശതമാനവുമായിരിക്കും. ഇക്കാലയളവിൽ യുകെ 2.7 ശതമാനവും 2.4 ശതമാനവും വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

എന്നാൽ ഖത്തർ ഇക്കണോമി ഈ വർഷം 7 ശതമാനം വളർച്ച നേടും. ഖത്തർ സെൻട്രൽ ബാങ്കിന്റെ വിദേശനാണ്യ കരുതൽ 40 ബില്യൺ ഡോളറിൽ അധികമാണ്. സോവറിൻ വെൽത്ത് ഫണ്ട്, ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അഥോറിട്ടി എന്നിവയുടെ കൈവശം 160 ബില്യൺ ഡോളർ നീക്കിയിരിപ്പുണ്. ജാപ്പനീസ് എൻജനീയറിംഗ്, കൺസ്ട്രക്ഷൻ കമ്പനികൾക്ക് ഖത്തറിൽ വലിയ സാധ്യതകളുണ്ടെന്ന് ഡോ. സീതാരാമൻ ചൂണ്ടിക്കാട്ടി.

ജപ്പാനിലെ ഖത്തർ എംബസിയിലെ സെക്കൻഡ് സെക്രട്ടറി ഹസൻ അൽ ഹമെയ്ദി, ജപ്പാനിലെ ഇന്ത്യൻ അംബാസഡർ ദീപ ഗോപാലൻ വാധ്വവ, ജപ്പാൻ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.