ഫിൻടെക് ആക്‌സിലറേറ്റർ പ്രോഗ്രാമുമായി ഫെഡറൽ ബാങ്ക്

Posted on: March 31, 2015

Federal-bank-branch-big

കൊച്ചി : ഫെഡറൽ ബാങ്ക്, സ്റ്റാർട്ടപ്പ് വില്ലേജും മോബ് മീ വയർലെസുമായി ചേർന്ന് ഇന്ത്യയിലെ ആദ്യത്തെ വിഷയകേന്ദ്രീകൃത ആക്‌സിലറേറ്റർ പ്രോഗ്രാമിന് – ഫിൻടെക്കിന് രൂപം നൽകി.

ധനകാര്യ മേഖലയിലെ സാങ്കേതികാധിഷ്ഠിത ആശയങ്ങളെ യാഥാർത്ഥ്യമാക്കും വിധം സ്റ്റാർട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഫിൻടെക്കിന്റെ ലക്ഷ്യം. 2018 ഓടെ ഈ മേഖലയിലെ നിക്ഷേപം ഇരട്ടിയിലേറെയാകുമെന്നാണ് കരുതപ്പെടുന്നത്. കളമശേരി സ്റ്റാർട്ടപ്പ് വില്ലേജ് വാഗ്ദാനം ചെയ്യുന്ന ഇൻകുബേഷൻ സേവനങ്ങൾക്ക് പൂരകമാണ് ഫിൻടെക്.

തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാർട്ടപ്പുകൾക്ക് മെന്ററായും ആവശ്യമായ മാർഗനിർദേശം നൽകിയും ഫെഡറൽ ബാങ്ക് പ്രവർത്തിക്കും. 14 ആഴ്ചയാണ് ആക്‌സിലറേറ്റർ പരിപാടിയുടെ ദൈർഘ്യം. ബാങ്കിംഗ് മേഖലയ്ക്ക് ഗുണകരമാകുന്ന നൂതന ഉത്പന്നങ്ങൾ വികസിപ്പിക്കാൻ പദ്ധതി സഹായകമാകുമെന്നാണ് ഫെഡറൽ ബാങ്ക് കരുതുന്നത്.