മുതിര്‍ന്നവര്‍ക്കുള്ള ഭവന പദ്ധതി : കൊളംബിയ പസഫിക് കമ്യൂണിറ്റിസും, അസറ്റ് ഹോംസും തമ്മില്‍ ധാരണ

Posted on: February 21, 2024

കൊച്ചി : സീനിയര്‍ ലിവിംഗ് രംഗത്തെ മുന്‍നിര സാന്നിധ്യവും രാജ്യത്തെ ഏറ്റവും വലിയ സീനിയര്‍ ലിവിംഗ് കമ്യൂണിറ്റി ഓപ്പറേറ്ററുമായ കൊളംബിയ പസഫിക് കമ്യൂണിറ്റിസും, അസറ്റ് ഹോംസും തമ്മില്‍ ധാരണയായി. സംയുക്ത സംരംഭം സംബന്ധിച്ച ധാരണാപത്രത്തില്‍ വി.ശിവകുമാറും വി.സുനില്‍ കുമാറും ഒപ്പുവച്ചു. ‘യങ് അറ്റ് ഹാര്‍ട്ട്’ എന്ന പേരില്‍ മുതിര്‍ന്നവര്‍ക്കുള്ള ഭവന പദ്ധതികളാണ് സ്ഥാപിക്കുന്നത്.

തിരുവനന്തപുരം, കോട്ടയം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങളില്‍ പ്രശാന്തമായ സ്ഥലത്ത് ആശുപത്രിക്ക് 4 കി.മി. ദൂരത്തിനുള്ളിലാണ് പദ്ധതികള്‍. മുതിര്‍ന്നവരുടെ മാനസികോല്ലാസം, ആരോഗ്യം, വൈകാരിക ആവശ്യങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ചുറ്റുപാടും സൗകര്യങ്ങളും സൃഷ്ടിക്കുക.

അസറ്റ് ഹോംസിനായിരിക്കും ഉടമസ്ഥതയും നിര്‍മാണ ചുമതലയുമെങ്കിലും അമേരിക്കയിലെ കൊളംബിയ പസിഫിക് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ഉപകമ്പനിയായ കൊളംബിയ പസിഫിക് കമ്യൂണിറ്റീസിനാവും പ്രഫഷനല്‍ നടത്തിപ്പ്. അമേരിക്കയ്ക്കു പുറമെ കാനഡയിലും യുകെയിലും ചൈനയിലും മറ്റും ഇത്തരം കേന്ദ്രങ്ങള്‍ നടത്തുന്ന അവര്‍ ഇന്ത്യയില്‍ ബെംഗളൂരു ഉള്‍പ്പെടെ നഗരങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

വിരമിച്ച ശേഷം ആരോഗ്യത്തോടെ വന്ന് ഉല്ലാസകരമായി താമസിക്കാനും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ പരസഹായത്തോടെ ജീവിക്കാനും ഇവിടെ സൗകര്യങ്ങളുണ്ടെന്ന് കൊളംബിയ പസിഫിക് കമ്യൂണിറ്റീസ് ഡയറക്ടര്‍ വി.ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ദിവസം 5 നേരം ഇഷ്ട ഭക്ഷണവും വിനോദ പരിപാടികളും ഇതിന്റെ ഭാഗമാണ്. 4 നഗരങ്ങളിലായി 1000 യൂണിറ്റുകളാണ് നിര്‍മിക്കുകയെന്ന് അസറ്റ് ഹോംസ് എംഡി വി.സുനില്‍ കുമാര്‍ അറിയിച്ചു.