മണപ്പുറം ഫിനാന്‍സിന് 575 കോടി രൂപ അറ്റാദായം; 46 ശതമാനം വര്‍ധന

Posted on: February 8, 2024

തൃശൂര്‍ : നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം ത്രൈമാസത്തില്‍ മികച്ച വളര്‍ച്ചയോടെ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് 575 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേ ത്രൈമസത്തില്‍ 394 കോടി രൂപയില്‍ നിന്നും 46 ശതമാനം വാര്‍ഷിക വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ ത്രൈമാസത്തെ അപേക്ഷിച്ച് 2.6 ശതമാനം വര്‍ധനയുണ്ട്. കമ്പനി കൈകാര്യം ചെയ്യുന്ന സംയോജിത ആസ്തികളുടെ മൂല്യം 2023 ഡിസംബര്‍ 31ന് അവസാനിച്ച മൂന്നാം ത്രൈമാസത്തില്‍ 27 ശതമാനം വാര്‍ഷിക വര്‍ധനയോടെ 40,385 കോടി രൂപയിലെത്തി. രണ്ടാം ത്രൈമാസത്തെ അപേക്ഷിച്ച് 3.7 ശതമാനമാണ് വര്‍ധന. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെ ഉള്ള കമ്പനിയുടെ അറ്റാദായം 429 കോടി രൂപയാണ്. സംയോജിത പ്രവര്‍ത്തന വരുമാനം 34 ശതമാനം വര്‍ധിച്ച് 2305 കോടി രൂപയിലുമെത്തി. സംയോജിത സ്വര്‍ണ വായ്പാ പോര്‍ട്ട്‌ഫോളിയോ 12 ശതമാനം വര്‍ധിച്ച് 20,758 കോടി രൂപയിലെത്തി. 2023 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം കമ്പനിക്ക് 25 ലക്ഷം സജീവ സ്വര്‍ണ വായ്പാ ഉപഭോക്താക്കളുണ്ട്.

”മൂന്നാം പാദത്തില്‍ മൊത്തത്തിലുള്ള ലാഭക്ഷമതയിലും ആസ്തി മൂല്യത്തിലും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. സ്വര്‍ണ ഇതര ബിസിനസില്‍, പ്രത്യേകിച്ച് മൈക്രോ ഫിനാന്‍സ്, വാഹന-ഉപകരണ വിഭാഗങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കാണുന്നുണ്ട്,” മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി. പി. നന്ദകുമാര്‍ പറഞ്ഞു.

സ്വര്‍ണവായ്പാ ആസ്തി നില മാറ്റമില്ലാതെ തുടരുമ്പോള്‍ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡിന്റെ ആസ്തി മൂല്യം മൂന്നാം പാദത്തില്‍ 34 ശതമാനം വര്‍ധനയോടെ 11,563 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇത് 8654 കോടി രൂപയായിരുന്നു. ആശീര്‍വാദിന്റെ അറ്റാദായം 80 ശതമാനം വര്‍ധനയോടെ 127 കോടി രൂപയിലുമെത്തി. വെഹിക്കിള്‍ ആന്റ് എക്യുപ്‌മെന്റ് ഫിനാന്‍സ് വിഭാഗം മികച്ച വായ്പാ അച്ചടക്കം നിലനിര്‍ത്തിയതോടൊപ്പം ആസ്തി മൂല്യം 3597 കോടി രൂപയിലെത്തിച്ചു. 70 ശതമാനത്തിന്റെ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്. ഭവനവായ്പാ സബ്‌സിഡിയറിയായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡും സ്ഥിരതയുള്ള ആസ്തി വര്‍ധന നേടി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 41 ശതമാനം വര്‍ധനയോടെ ആസ്തി മൂല്യം 1415 കോടി രൂപയിലെത്തി. ഫീ അടിസ്ഥാനമാക്കിയുള്ള ഇന്‍ഷുറന്‍സ് ബ്രോക്കറേജ് ബിസിനസും മികച്ചരീതിയില്‍ വളരുന്നുണ്ട്. ഈ പാദത്തില്‍ 28 കോടി രൂപയുടെ അറ്റാദായവും നേടി.

കമ്പനിയുടെ സംയോജിത ആസ്തിയുടെ 49 ശതമാനവും സ്വര്‍ണ വായ്പാ ഇതര ബിസിനസുകളില്‍ നിന്നാണ്. സബ്‌സിഡിയറികള്‍ ഉള്‍പ്പെടാതെയുള്ള കമ്പനിയുടെ ശരാശരി കടമെടുക്കല്‍ പലിശ നിരക്ക് 8.7 ശതമാനമാണ്. മുന്‍വര്‍ഷം 8.1 ശതമാനമായിരുന്നു ഇത്. മൊത്ത നിഷ്‌ക്രിയ ആസ്തി 2 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.8 ശതമാനവുമാണ്. കമ്പനിയുടെ സംയോജിത അറ്റ മൂല്യം 11,063 കോടി രൂപയായി ഉയര്‍ന്നു. പ്രതി ഓഹരി ബുക്ക് വാല്യു 131 രൂപയും മൂലധന പര്യാപ്തതാ അനുപാതം 30.7 ശതമാനവുമാണ്. 65 ലക്ഷം ഉപഭോക്താക്കളുള്ള കമ്പനിയുടെ, എല്ലാ സബ്‌സിഡിയറികളും ഉള്‍പ്പെടെയുള്ള സംയോജിത കടം 31,927 കോടി രൂപയാണ്.