റിയാസിന് മണപ്പുറത്തിന്റെ സഹായഹസ്തം

Posted on: September 19, 2023

തൃശൂര്‍ : ജപ്പാനില്‍ വെച്ചുനടന്ന സോഫ്റ്റ് ബോള്‍ ഏഷ്യ കപ്പ് 2023ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ടീമംഗവും കൊടുങ്ങല്ലൂര്‍ നിവാസിയുമായ റിയാസിന് സാമ്പത്തിക സഹായവുമായി മണപ്പുറം ഫിനാന്‍സ്. മണപ്പുറം ഫിനാന്‍സിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് എംഡിയും സിഇഒയുമായ വി പി നന്ദകുമാര്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. സാമ്പത്തിക പരാധീനതമൂലം പരിശീലനം തുടരാന്‍ ബുദ്ധിമുട്ടിയിരുന്ന റിയാസിന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിനെത്തുടര്‍ന്നാണ് മണപ്പുറത്തിന്റെ ഇടപെടല്‍. മണപ്പുറം ഫിനാന്‍സിന്റെ സാമൂഹിക പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്.

റിയാസ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സോഫ്റ്റ്ബോള്‍ ഗെയിംസില്‍ കാഴ്ച്ച വെച്ച പ്രകടനം കൂടുതല്‍ പ്രതിഭകളെ സോഫ്റ്റ്ബോളിലേക്ക് ആകര്‍ഷിപ്പിക്കുമെന്നു വി പി നന്ദകുമാര്‍ പറഞ്ഞു. കായിക പ്രതിഭകളെ വാര്‍ത്തെടുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇത്തരം കായിക ഇനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്തണം. നാളെയുടെ വാഗ്ദാനമായ പ്രതിഭകളെ കണ്ടെത്തി, അവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നതില്‍ മണപ്പുറം എന്നും മുന്നിലുണ്ടാകും. അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍സ് വിഭാഗം ജനറല്‍ മാനേജര്‍ സുജിത് ചന്ദ്രകുമാര്‍, ചീഫ് പിആര്‍ഒ സനോജ് ഹെര്‍ബര്‍ട്ട്, സീനിയര്‍ പിആര്‍ഒ കെ എം അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.