കേന്ദ്രബജറ്റിനെ സ്റ്റാർട്ടപ്പ് വില്ലേജ് സ്വാഗതം ചെയ്തു

Posted on: February 28, 2015

Startup-Village-Big

കൊച്ചി : സെൽഫ് എംപ്ലോയ്‌മെന്റ് ആൻഡ് ടാലന്റ് യൂട്ടിലൈസേഷൻ (എസ്ഇടിയു) പദ്ധതിക്കായി 1,000 കോടി രൂപ വകയിരുത്താനുള്ള ബജറ്റ് നിർദേശത്തെ സ്റ്റാർട്ടപ്പ് വില്ലേജ് സ്വാഗതം ചെയ്തു. സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷന് ബജറ്റ് നിർദേശം കരുത്ത് പകരുമെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.

എസ്ഇടിയുവിനുള്ള ബജറ്റ് വിഹിതവും അടൽ ഇന്നൊവേഷൻ മിഷന് വകയിരുത്തിയ 150 കോടിയും ഇൻകുബേറ്ററുകൾക്കുള്ള ബജറ്റ് വിഹിതവും സ്റ്റാർട്ടപ്പുകൾക്കുള്ള സീഡ് ഫണ്ട് വർധിപ്പിക്കുമെന്ന് സഞ്ജയ് വിജയകുമാർ ചൂണ്ടിക്കാട്ടി.

സ്റ്റാർട്ടപ്പ് വില്ലേജ് എയ്ഞ്ചൽ ഫണ്ട് ആഗോള നിക്ഷേപകർക്കായി തുറന്നിരിക്കുകയാണെന്ന് സ്റ്റാർട്ടപ്പ് വില്ലേജ് സിഇഒ പ്രണവ് കുമാർ സുരേഷ് പറഞ്ഞു. വിദേശനിക്ഷേപങ്ങളെ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളായി അനുവദിക്കാനുള്ള ബജറ്റ് പ്രഖ്യാപനം മൂലധനം സ്വരൂപിക്കാൻ വിഷമതകൾ നേരിടുന്ന സ്റ്റാർട്ടപ്പുകളുടെ വളർച്ചയ്ക്ക് സഹായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.