ഡോ. രാധാകൃഷ്ണന് ടെക്‌നോവേഷൻ പുരസ്‌കാരം

Posted on: February 11, 2015

IESA-Technovation-SARABHAI-

കൊച്ചി : ടെക്‌നോവേഷൻ സാരാഭായ് പുരസ്‌ക്കാരത്തിന് ഐഎസ്ആർഒ മുൻ ചെയർമാൻ പദ്മഭൂഷൺ ഡോ. കെ. രാധാകൃഷ്ണൻ അർഹനായി. ഇലക്‌ട്രോണിക് സിസ്റ്റം ഡിസൈൻ ആന്റ് മാനുഫാക്ടറിംഗ് വ്യവസായ രംഗത്തെ പ്രമുഖ സംഘടനയായ ഇലക്‌ട്രോണിക്‌സ് ആൻഡ് സെമി കണ്ടക്‌ടേഴ്‌സ് അസോസിയേഷനാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. ഇലക്‌ട്രോണിക്‌സ് സെമി കണ്ടക്ടർ മേഖലയിലെ രാജ്യത്തിന്റെ മുന്നേറ്റത്തിനു സഹായകമായ വിധം മികവു പ്രകടിപ്പിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അംഗീകാരം നൽകുന്നതിനുള്ളതാണ് ഈ പുരസ്‌കാരം.

ബംഗലുരുവിൽ നടന്ന ചടങ്ങിൽ കർണാടക ഐടി, ശാസ്ത്ര സാങ്കേതികവിദ്യാ മന്ത്രി എസ്. ആർ. പാട്ടിലും ഇസാ ചെയർമാൻ അശോക് ചന്ദാകും ചേർന്ന് ഡോ. കെ. രാധാകൃഷണന് അവാർഡു സമ്മാനിച്ചു. ഇന്ത്യയിൽ നിന്നുള്ള നൂതന ആശയങ്ങളും കണ്ടു പിടുത്തങ്ങളും വളർന്നു വരാനുള്ള പരിസ്ഥി വികസിപ്പിക്കാനായി യോജിച്ചു മുന്നേറേണ്ട കാലമാണിതെന്ന് ഡോ. കെ. രാധാകൃഷ്ണൻ പറഞ്ഞു. മംഗൾയാന്റെ വിജയം മേക്ക് ഇൻ ഇന്ത്യാ പദ്ധതികളിൽ പ്രയോജനപ്പെടുത്താൻ നമുക്കു കഴിയണം. സാങ്കേതികവിദ്യാ മുന്നേറ്റത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിന്റെ ഉദാഹരണമായി കാട്ടാനാവുന്ന ഐഎസ്ആർഒ യുടെ ഭാഗമായി പ്രവർത്തിക്കാനായതിൽ തനിക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.