കല്യാണ്‍ ഐപിഒ ലിസ്റ്റിംഗ് 26 ന്

Posted on: March 17, 2021

തൃശൂര്‍ : കേരളം ആസ്ഥാനമായ കല്യാണ്‍ ജൂവലേഴ്സിന്റെ പ്രഥമ ഓഹരി വില്പന (ഐ.പി.ഒ.) ചൊവ്വാഴ്ച ആരംഭിച്ചു. വില്പനയ്ക്കു െവച്ച ഓഹരികളില്‍ 60 ശതമാനത്തിനും ആദ്യ ദിനത്തില്‍ തന്നെ ആവശ്യക്കാരായി. റീട്ടെയില്‍ വിഭാഗത്തില്‍ 112 ശതമാനമാണ് സബ്സ്‌ക്രിപ്ഷന്‍.

1,175 കോടി രൂപയാണ് ഐ.പി.ഒ.യിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. 352 കോടി രൂപയുടെ ഓഹരികള്‍ 15 ആങ്കര്‍ നിക്ഷേപകര്‍ക്കായി തിങ്കളാഴ്ച തന്നെ അലോട്ട് ചെയ്തിരുന്നു. ഇതില്‍ സിങ്കപ്പൂര്‍ സര്‍ക്കാരിന്റെ നിക്ഷേപക സ്ഥാപനവും ഉള്‍പ്പെടുന്നുണ്ട്. ശേഷിച്ച 823 കോടി രൂപയുടെ ഓഹരികളിലാണ് 497.66 കോടിയുടെ സബ്സ്‌ക്രിപ്ഷന്‍ ആദ്യ ദിനത്തില്‍ തന്നെ നടന്നിരിക്കുന്നത്. റീട്ടെയില്‍ നിക്ഷേപകരുടെ വിഭാഗത്തില്‍ 410.55 കോടി രൂപയുടെ ഓഹരികളാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, 458.83 കോടി രൂപയുടെ ഓഹരികള്‍ക്ക് ആവശ്യക്കാരായി. അതായത്, വില്പനയ്ക്കു വെച്ച ഓഹരികളെക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ്.

പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 86-87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കിയിരിക്കുന്നത്. കുറഞ്ഞത് 172 ഓഹരികള്‍ക്ക് അപേക്ഷിക്കാം. അതായത്, 14,964 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഓഹരി വില്പന വ്യാഴാഴ്ച സമാപിക്കും. 23-ന് അലോട്ട്മെന്റ് പൂര്‍ത്തിയാക്കി 26-ന് ബോംബേ സ്റ്റോക് എക്‌സ്ചേഞ്ചിലും നാഷണല്‍ സ്റ്റോക് എക്‌സ്ചേഞ്ചിലും കല്യാണ്‍ ജൂവലേഴ്സ് ഓഹരികള്‍ ലിസ്റ്റ് ചെയ്യും.