സ്റ്റാർട്ടപ്പ് മിഷൻ സ്റ്റുഡൻറ്‌സ് ഇന്നോവേറ്റേഴ്‌സ് മീറ്റ് 25 ന്

Posted on: July 22, 2020

കൊച്ചി : കൊവിഡ് കാലത്തെ നേരിടുന്നതിനുള്ള നൂതനാശയങ്ങൾ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന ഇന്നോവേഷൻസ് അൺലോക്ഡ് എന്ന വിർച്വൽ സ്റ്റുഡൻറ്‌സ് ഇന്നോവേറ്റേഴ്‌സ് മീറ്റ് ജൂലൈ 25 ന് നടക്കും. വാധ്വാനി ഫൗണ്ടേഷൻ, ടിസിഎസ് ഡിസ്‌ക് എന്നിവരാണ് നൂതനാശയങ്ങളുമായി ബന്ധപ്പെട്ട മാസ്റ്റർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നത്. രാവിലെ 10.30 മുതൽ വൈകുന്നേരം 4.30 വരെയാണ് പരിപാടി.

നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം, കൂടുതൽ കാര്യങ്ങൾ പഠിക്കാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കും. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉഷ ടൈറ്റസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ്, എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ. രാജശ്രീ എംഎസ്, കെഎസ് യുഎം ഡയറക്ടർ റിയാസ് പിഎം എന്നിവർ പങ്കെടുക്കും.