ടയർ ഇറക്കുമതിക്ക് നിയന്ത്രണം ; സ്വഭാവിക റബറിന് നിയന്ത്രണമില്ല

Posted on: June 14, 2020

ന്യൂഡൽഹി : ടയർ ഇറക്കുമതിക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. റേഡിയൽ, ട്യൂബ്‌ലെസ് തുടങ്ങി എല്ലാത്തരം ടയറുകൾക്കും ഉത്തരവ് ബാധകമാണ്. അതേസമയം സ്വഭാവിക റബർ ഇപ്പോഴും സ്വതന്ത്ര ഉത്പന്നങ്ങളുടെ വിഭാഗത്തിലാണ്. ടയർ ഇറക്കുമതിക്ക് നിയന്ത്രണം വരുന്നതോടെ ടയർ കമ്പനികൾ ഉത്പാദനം വർധിപ്പിക്കും. ഈ സാഹചര്യം ആഭ്യന്തര വിപണിയിൽ സ്വഭാവിക റബറിന്റെ ഡിമാൻഡ് ഉയർത്തുകയും കർഷകർക്ക് നേട്ടമാകുകയും ചെയ്യും.

ഇതേ വരെ ടയറുകൾ 15 ശതമാനം നികുതി അടച്ച് ഇറക്കുമതി ചെയ്യാവുന്ന സ്വതന്ത്ര ഉത്പന്നങ്ങളുടെ വിഭാഗത്തിലായിരുന്നു. ഇനി മുൻകൂർ അനുമതിയോടെ മാത്രമെ ഇറക്കുമതി സാധ്യമാകൂ. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആഭ്യന്തര ഉത്പാദകരെ സഹായിക്കാനാണ് പുതിയ തീരുമാനം. ടയർ നിർമാതാക്കൾ ദീർഘകാലമായി ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നാണ് ടയർ ഇറക്കുമതി നടത്തിയിരുന്നത്.