ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം അപര്യാപ്തമെന്ന് ഡോ. ആസാദ് മൂപ്പൻ

Posted on: February 1, 2020

ദുബായ് : ആരോഗ്യ മേഖലയ്ക്ക് ജിഡിപിയുടെ ഒരു ശതമാനം മാത്രം വരുന്ന 69000 കോടി വകയിരുത്തിയത് നിർഭാഗ്യകരമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആരോഗ്യ മേഖലയുടെ മുന്നേറ്റത്തിന് ഇത് വലിയ അപര്യാപ്തത സൃഷ്ടിക്കും. ആരോഗ്യ മേഖലയ്ക്ക് ധനമന്ത്രി ചില ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ടെന്നള്ളത് വിസ്മരിക്കുന്നില്ല. 2025 ആകുമ്പോഴേക്കും ക്ഷയരോഗ നിർമാർജ്ജനം നടപ്പാക്കുക എന്നത് വലിയ ഒരു ചുവടുവെപ്പാണ്.

ആയുഷ്മാൻ ഭാരത് ആവശ്യകത നിറവേറ്റുന്നതിനായി ടയർ 2, 3 നഗരങ്ങളിലെ ആശുപത്രികൾക്ക് വയബിലിറ്റി ഫണ്ട് നൽകാനുളള നിർദ്ദേശം ചെറിയ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആളുകൾക്ക് കൂടുതൽ എളുപ്പത്തിൽ ആതുര സേവനം ലഭ്യമാക്കാൻ സഹായിക്കും.

പിപിപി മോഡൽ ആശുപത്രികൾ സ്ഥാപിക്കാനുള്ള തീരുമാനം 112 ജില്ലകളിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്ക് ആരോഗ്യ സംരക്ഷണം ലഭ്യമാക്കാനുളള സാധ്യതകൾ വർദ്ധിപ്പിക്കും. കൂടാതെ 2000 അവശ്യ മരുന്നുകൾ ജന ഔഷധി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്നതും ശ്ലാഘനീയമാണ്.

എൻആർഐകളെക്കുറിച്ച് ബജറ്റ് ഏറെക്കുറെ നിശബ്ദമാണ്, പ്രവാസികൾക്ക് പ്രയോജനകുന്ന നിരവധി ആവശ്യങ്ങളും നിർദ്ദേശങ്ങളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് ഡോ. ആസാദ് മൂപ്പൻ ചൂണ്ടിക്കാട്ടി.