കൊച്ചി ഡിസൈൻ വീക്കിൽ വിദ്യാർത്ഥികൾക്കായി കേരള ഡിസൈൻ ചലഞ്ച്

Posted on: October 29, 2019

കൊച്ചി : കൊച്ചി ഡിസൈൻ വീക്കിൽ വിദ്യാർത്ഥികൾക്കായി കേരള ഡിസൈൻ ചലഞ്ച്. സംസ്ഥാന ഇലക്ട്രോണിക്‌സ്-ഐടി വകുപ്പ് ഇൻറർനാഷണൽ സ്‌ക്കൂൾ ഓഫ് ക്രിയേറ്റീവ് ആർട്ട്‌സിൻറെ(ഐഎസ്സിഎ) സഹകരണത്തോടെയാണ് ഡിസൈൻ ചലഞ്ച് സംഘടിപ്പിച്ചിട്ടുള്ളത്. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്.

ഡിസംബർ 12 മുതൽ 14 വരെ കൊച്ചി ബോൾഗാട്ടി പാലസിലാണ് കൊച്ചി ഡിസൈൻ വീക്ക് നടക്കുന്നത്. സംസ്ഥാനത്തെ സുസ്ഥിര ആസൂത്രണവുമായി ബന്ധപ്പെട്ട നിർമ്മാണ-സാങ്കേതികവിദ്യയിലെ രൂപകൽപ്പനയെക്കുറിച്ച് വിശദമായ ചർച്ച ഡിസൈൻ വീക്കിൽ നടക്കും. രാജ്യത്ത് ഈ മാതൃകയിൽ നടക്കുന്ന ഏറ്റവും വലിയ വാർഷിക സമ്മേളനമാണിത്. മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധരുൾപ്പെടെ അയ്യായിരത്തിൽപരം പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

വിദ്യാർത്ഥികൾക്ക് സ്വന്തം നഗരത്തിലോ ഗ്രാമത്തിലോ നിർദ്ദേശിക്കാവുന്ന സുസ്ഥിര രൂപകൽപ്പനകൾ ഡിസൈൻ ചലഞ്ചിലൂടെ സമർപ്പിക്കാവുന്നതാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. അതിൽ മികച്ച രൂപകൽപ്പന കേരളത്തിൻറെ പുനർനിർമ്മാണത്തിൽ ഉപയോഗപ്പെടുത്താനുള്ള അവസരമുണ്ട്.

വിദ്യാർത്ഥികൾക്ക് ലേഖനം, പോസ്റ്റർ ഡിസൈൻ, ചിത്രകല, ഫോട്ടോഗ്രഫി, ഹ്രസ്വചിത്രം എന്നിവയിലൂടെ തങ്ങളുടെ വീക്ഷണങ്ങൾ സമർപ്പിക്കാവുന്നതാണ്. അതിൽ മികച്ച സൃഷ്ടികൾക്ക് സമ്മാനങ്ങൾ നൽകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖാന്തിരമാണ് ഡിസൈൻ ചലഞ്ചിനപേക്ഷിക്കേണ്ടത്.

കേരള പുനർനിർമ്മാണത്തിൽ വിദ്യാർത്ഥികൾക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊച്ചി ഡിസൈൻ വീക്കിൽ അവർക്ക് അവസരമൊരുക്കുന്നതെന്ന് സ്‌പെഷ്യൽ ഓഫീസറും മുഖ്യമന്ത്രിയുടെ ഫെലോയുമായ അരുൺ ബാലചന്ദ്രൻ പറഞ്ഞു. യുവമനസുകൾക്ക് നവീന ആശയങ്ങൾ മുന്നോട്ട് വയ്ക്കാനുണ്ടാകും. ഇത് ഉപയോഗപ്പെടുത്താനുള്ള വേദി ഡിസൈൻ വീക്കിലൂടെ ഒരുക്കുകയാണെന്നും അരുൺ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള പ്രമുഖർ ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമെത്തുന്ന വാസ്തുകല, രൂപകൽപ്പന, ചിന്തകർ, നയകർത്താക്കൾ തുടങ്ങിയവർ ഉച്ചകോടിയിലെത്തും.