സെബിറ്റിൽ കേരളം നിക്ഷേപക ശ്രദ്ധനേടി

Posted on: November 12, 2014

Cebit-IT-Meet-big

ഐടി രംഗത്ത് കേരളത്തിന്റെ മാനവവിഭവശേഷിയും ലോകനിലവാരത്തിലുള്ള സാങ്കേതിക മുന്നേറ്റവും കുറഞ്ഞ പ്രവർത്തനചെലവും ബംഗലുരുവിൽ സംഘടിപ്പിച്ച ഐടി നിക്ഷേപക സംഗമമായ സെബിറ്റ് ഇന്ത്യയിൽ ശ്രദ്ധനേടി. ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ കേരളത്തിലെ ഐടി നിക്ഷേപസാധ്യതകൾ സെബിറ്റിൽ വിശദീകരിച്ചു.

നൈപുണ്യമുള്ള ജീവനക്കാർക്കു പുറമെ കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള സാങ്കേതിക വിദ്യയും ലഭ്യമാക്കുന്ന നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം വിശദീകരിച്ചു. 2,500 കോടിയുടെ ഇൻഫോപാർക്ക് രണ്ടാംഘട്ട നവീകരണമുൾപ്പടെയുള്ള നിരവധി വികസനപദ്ധതികൾ സംസ്ഥാനത്തു നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഇൻഫോസിസ് സിഇഒ വിശാൽ സിക്ക, ഐബിഎം ഇന്ത്യ ഡയറക്ടർ ഡോ. പ്രശാന്ത് പ്രധാൻ, വോഡാഫോൺ ഇന്ത്യ സിഇഒ മാർട്ടെൻ പിറ്റേഴ്‌സ്, ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടർ വനിത നാരായൺ തുടങ്ങി ഒട്ടേറെ പ്രമുഖർ സെബിറ്റ് സംഗമത്തിൽ പങ്കെടുത്തു.

സെബിറ്റിലെ കേരള പവലിയൻ കർണാടക ഐടി മന്ത്രി എസ്. ആർ. പാട്ടീൽ ഉദ്ഘാടനം ചെയ്തു.  ഇൻഫോപാർക്ക് സിഇഒ ഹൃഷികേശ് നായർ, ടെക്‌നോപാർക്ക് സിഇഒ ഗിരീഷ് ബാബു, സൈബർപാർക്ക് സിഇഒ അജിത്കുമാർ, കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എംഡി എസ്. രാംനാഥ് എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണ് കേരളത്തിൽ നിന്നും സെബിറ്റിൽ പങ്കെടുത്തത്.