ഇൻഫോപാർക്ക് മൂന്ന് ടണ്ണിലേറെ അരി സംഭാവനചെയ്തു

Posted on: August 27, 2015

Infopark-Onam-Nanma-Big

കൊച്ചി : ഓണാഘോഷത്തിന്റെ ഭാഗമായി ഇൻഫോപാർക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാർ ശേഖരിച്ച മൂന്ന് ടണ്ണിലേറെ അരി അനാഥാലയങ്ങൾക്കും വൃദ്ധസദനങ്ങൾക്കും ആദിവാസി കുടുംബങ്ങൾക്കുമായി സംഭാവന ചെയ്തു. ഇൻഫോപാർക്കിലെ കാരുണ്യസംരംഭമായ ‘ഓണം നന്മ’ യുടെ ആഭിമുഖ്യത്തിലായിരുന്നു അരി സമാഹരണം.

ഇൻഫോപാർക്കിന്റെ കൊച്ചി, കൊരട്ടി. ചേർത്തല കാമ്പസുകളിലെ ജീവനക്കാരാണ് ധാന്യശേഖരണം നടത്തിയത്. കൊച്ചി കാമ്പസിൽനിന്ന് ശേഖരിച്ച രണ്ടര ടൺ അരിയിൽ രണ്ടുടൺ കുട്ടമ്പുഴയിൽ മാമലക്കണ്ടത്തെ 195 ആദിവാസി കുടുംബങ്ങൾക്ക് സംഭാവന ചെയ്തു. അരിവിതരണത്തിനുള്ള വാൻ ഇൻഫോപാർക്ക് സി.ഇ.ഒ ഹൃഷികേശ് നായരുടെ സാന്നിദ്ധ്യത്തിൽ  ബെന്നി ബഹ്‌നാൻ എംഎൽഎ ഫ്‌ലാഗ് ഓഫ് ചെയ്തു.

വി. പി. സജീന്ദ്രൻ എം.എൽ.എയുടെ നിർദേശമനുസരിച്ച് പാർക്കിനു സമീപത്തെ വൃദ്ധസദനങ്ങൾക്കും അനാഥമന്ദിരങ്ങൾക്കുമായാണ് ബാക്കിയുള്ള അര ടൺ അരി നൽകിയത്. ചേർത്തല പാർക്കിലെ ജീവനക്കാർ സംഭരിച്ച 500 കിലോ അരി പാർക്കിനു ചുറ്റുമുള്ള പഞ്ചായത്തുകളുടെ പട്ടികയിലുള്ള അഗതി മന്ദിരങ്ങൾക്കു നൽകി. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓണം നന്മ പരിപാടി ചേർത്തല കാമ്പസിൽ എ. എം. ആരിഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊരട്ടി കാമ്പസിലെ കമ്പനികളുടെ വകയായുള്ള 650 കിലോഗ്രാം അരി അനാഥാലയങ്ങൾക്കും കാരുണ്യമന്ദിരങ്ങൾക്കും പാവപ്പെട്ട കുടുംബങ്ങൾക്കുമായി സംഭാവന നൽകിയ ചടങ്ങ് ബി. ഡി ദേവസി എംഎൽഎ ഉദ്ഘാടനം ചെയ്തു.

അരി സമാഹരണം നടത്തിയ ഇൻഫോപാർക്ക് കമ്പനികൾക്കും ജീവനക്കാർക്കും പാർക്ക് സിഇഒ ഹൃഷികേശ് നായർ നന്ദി പറഞ്ഞു. റൈസ് ബക്കറ്റ് ചലഞ്ച് പോലെയുള്ള കാരുണ്യസംരംഭങ്ങൾക്ക് ഇൻഫോപാർക്ക് എല്ലാ പിന്തുണയും നൽകും-അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വർഷവും ഓണത്തോടനുബന്ധിച്ച് ഇൻഫോപാർക്ക് ശേഖരിച്ച മൂന്ന് ടണ്ണിലേറെ അരി കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളന്തണ്ണിയിലെ 200 കുടുംബങ്ങൾക്കായിരുന്നു നൽകിയത്.

TAGS: Infopark Kochi |