മുത്തൂറ്റ് ഫിനാൻസിനു 171 കോടിയുടെ അറ്റാദായം

Posted on: November 6, 2014

Muthoot-Finance-Q2-announce

മുത്തൂറ്റ് ഫിനാൻസ് നടപ്പു ധനകാര്യവർഷത്തിലെ രണ്ടാം ക്വാർട്ടറിൽ 171 കോടി രൂപയും ആദ്യ അർധ വർഷത്തിൽ 351 കോടി രൂപയും അറ്റാദായം നേടി. ഇക്കാലയളവിലെ ആകെ വരുമാനം യഥാക്രമം 1,062 കോടി രൂപയും 2,154 കോടി രൂപയുമാണ്. റീട്ടെയ്ൽ വായ്പകളുടെ ആസ്തി 21,802 കോടി രൂപയാണ്.

കഴിഞ്ഞ ക്വാർട്ടറിൽ ചെറുകിട വായ്പാ വിഭാഗത്തിലെ 338 കോടി രൂപയുടെ ഉയർച്ചയോടെ കമ്പനി വീണ്ടും വളർച്ചയുടെ പാതയിലാണെന്നു ചെയർമാൻ എം. ജി. ജോർജ് മുത്തൂറ്റ് പറഞ്ഞു. രണ്ടാം ക്വാർട്ടറിൽ 26 സംസ്ഥാനങ്ങളിലായി 4,265 ശാഖകളാണ് മുത്തൂറ്റ് ഫിനാൻസിനുള്ളത്.

എല്ലാ തലങ്ങളിലുമുളള ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഇതിനു വഴിതെളിച്ചത്. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും സുസ്ഥിരമായ ഫലം കാഴ്ചവയ്ക്കാൻ സഹായിക്കുന്ന കമ്പനിയുടെ ബിസിനസ് മാതൃകയുടെ സൂചനയാണു കഴിഞ്ഞ ക്വാർട്ടറിലെ ഫലമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വായ്പകളുടെ കാര്യത്തിൽ കഴിഞ്ഞ ഏതാനും മാസമായുള്ള സ്ഥിതിയിൽ നിന്നു തിരിച്ചുവരവ് നടത്താനും 338 കോടി രൂപയുടെ അറ്റ വളർച്ച കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞുവെന്ന് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് ചൂണ്ടിക്കാട്ടി. നിയന്ത്രണതലത്തിലുള്ള അനിശ്ചിതത്വങ്ങളെ തുടർന്ന് വിട്ടുപോയ ഉപഭോക്താക്കൾ തിരിച്ചുവരുന്നതായും വായ്പാ പോർട്ട്‌ഫോളിയോയിൽ ഉണ്ടായ വർധനയ്‌ക്കൊപ്പം ലാഭക്ഷമതയും വർധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.