സ്റ്റാർട്ട്പ്പ് വില്ലേജിലെ ആറ് വിദ്യാർത്ഥി സംരംഭകർ കാനഡയിലേക്ക്

Posted on: November 1, 2014

Flip-Technologies-Team-bigസ്‌കേറ്റിംഗ് ബോർഡുകളിൽ തെന്നിക്കളിക്കുന്നവരുടെ കഴിവു വർധിപ്പിക്കാൻ സഹായകമായ മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച കൊച്ചി സ്റ്റാർട്ടപ്പ് വില്ലേജിലെ ആറ് വിദ്യാർത്ഥി സംരംഭകർക്ക് ആഗോള അംഗീകാരം. കാനഡയിലെത്തി ഇന്നൊവേഷൻ വിദഗ്ധർ, നിക്ഷേപകർ, മെന്റർമാർ തുടങ്ങിയവരുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് ആറ് സംരംഭകർക്കു ലഭിച്ചത്. ഫ്‌ലിപ് ടെക്‌നോളജീസിലെ ജിബിൻ ജോസ്, അഭിമന്യു നായർ, ജിഷ്ണു വിജയൻ, ബാലാ ഗോവിന്ദ് ഗിരീഷ്, രോഹിത് സാമുവൽ, അബ്രാഹം അലക്‌സാണ്ടർ എന്നിവർക്കാണ് രണ്ട് ആഴ്ചത്തെ കാനഡ സന്ദർശനത്തിനുള്ള അവസരം കൈവന്നിരിക്കുന്നത്.

ബോബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഇൻസ്റ്റിറ്റിയൂട്ട്, കാനഡയിലെ ഒൺറ്റാറിയോ ഗവൺമെന്റ്, ഐ ബി എം ഗ്ലോബൽ, റേഴ്‌സൺ ഫ്യൂച്ചേഴ്‌സ് എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ നെക്സ്റ്റ് ബിഗ് ഐഡിയ കോൺടെസ്റ്റ് 2014 ൽ ഏറ്റവും മികച്ച അഞ്ച് ഐഡിയകളിൽ ഒന്നായി ഫ്‌ലിപ് ടെക്‌നോളജീസ് വികസിപ്പിച്ചെടുത്ത ദ സ്മാർട്ട് റെയ്‌സർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആകർഷകമായ ഉത്പന്നങ്ങളിലൊന്നായി ഇന്റലും സ്മാർട്ട് റെയ്‌സറിനെ അംഗീകരിച്ചിരുന്നു. ഒക്ടോബർ 14 ന് മുംബൈയിൽ നടന്ന ചടങ്ങിൽ കാനഡ രാജ്യാന്തര വ്യാപാര മന്ത്രി എഡ് ഫാസ്റ്റ് ഈ യുവസംരംഭകരെ അഭിനന്ദിച്ചിരുന്നു.