ലൈറ്റ്ഹൗസ് ഫോർ സ്റ്റാർട്ടപ്പ്‌സ്

Posted on: May 13, 2015

Startup-Village-Big

സംരംഭക സ്വപ്‌നങ്ങളുമായി പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്കുള്ള വഴികാട്ടിയാണ് കൊച്ചി കളമശേരിയിലെ സ്റ്റാർട്ടപ്പ് വില്ലേജ്. നടുക്കടലിൽ കപ്പലുകൾക്ക് വഴികാട്ടുന്ന ലൈറ്റ് ഹൗസ് പോലെ. ഓരോ ദിവസവും പുതിയ പുതിയ സംരംഭകരെ സൃഷ്ടിച്ചുകൊണ്ടു സ്റ്റാർട്ടപ്പ് വില്ലേജ് മൂന്നാം വർഷത്തിലേക്ക് കടന്നു. ഇതേവരെ 533 സ്റ്റാർട്ടപ്പുകൾക്കു ജന്മം നൽകി. 2889 പേർക്ക് തൊഴിലും. കോളജ് വിദ്യാർഥികളുടെ മാത്രമായി 116 സ്റ്റാർട്ട് അപ്പുകളാണ് ഇവിടെയുണ്ടായത്.

ഈ സ്റ്റാർട്ടപ്പുകളുടെയെല്ലാം ആകെ മൂല്യം 116 കോടി. 37 സ്റ്റാർട്ടപ്പുകൾ എയ്ഞ്ചൽ ഇൻവെസ്റ്റേഴ്‌സ് വഴിയും സീഡ് ഫണ്ടായും 27 കോടി സമാഹരിച്ചപ്പോൾ 161 കമ്പനികൾ സുഹൃത്തുക്കളിൽ നിന്നും കുടുംബങ്ങളിൽ നിന്നും പ്രാഥമിക മൂലധനസമാഹരണം നടത്തി. എസ്‌വി സ്‌ക്വയർ പരിപാടിയിലൂടെ അഞ്ചു യുവ യുവപ്രതിഭകളെ കാലിഫോർണിയയിലെ സിലിക്കൺ വാലിയിലേക്ക് അയച്ചതാണ് സ്റ്റാർട്ടപ്പ് വില്ലേജിന്റെ തിളക്കമാർന്ന നേട്ടങ്ങളിലൊന്ന്.

അമേരിക്കൻ അംബാസഡർ അടക്കം ഒട്ടേറെ പ്രമുഖർ സ്റ്റാർട്ടപ്പ് വില്ലേജിൽ സന്ദർശനം നടത്തി. ഇൻക്യൂബേറ്റേഴ്‌സിനെ സഹായിക്കുന്നതിനു പുതിയൊരു സ്റ്റാർട്ടപ്പ് പോളിസിതന്നെ കേരളസർക്കാർ അവതരിപ്പിച്ചു. ഇതോടെ ഈ മേഖലയിൽ വലിയൊരു കുതുച്ചുചാട്ടം ഉണ്ടാകുമെന്നു പ്രതീക്ഷയിലാണ് സ്റ്റാർട്ടപ്പ് വില്ലേജിന്റെ സിഇഒ പ്രണവ് കുമാർ സുരേഷ്.

സംസ്ഥാന സർക്കാർ തുടക്കമിട്ട സ്റ്റാർട്ടപ്പ് ബൂട്ട് ക്യാമ്പുകൾ 25 കോളജുകളിൽ സ്റ്റാർട്ടപ്പ് വില്ലേജിന്റെ സഹകരണത്തോടെ പ്രവർത്തനം ആരംഭിച്ചു. സ്‌കൂൾ കുട്ടികളെ ഭാവി സംരംഭകരാകുന്നതിനു വിദ്യാർഥികൾക്ക് 2500 റാസ്പ്‌ബെറി പിഐ യൂണിറ്റുകൾ വിതരണം ചെയ്യുന്ന സർക്കാരിന്റെ പദ്ധതിയായ ലേൺ ടു കോഡിന്റെ നോളജ് പങ്കാളികളാണ് സ്റ്റാർട്ടപ്പ് വില്ലേജ്. അങ്ങനെ വർഷം തോറും പുതിയ പുതിയ വിജയഗാഥകൾ രചിക്കുന്ന സ്റ്റാർട്ടപ്പ് വില്ലേജ് കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് സിഇഒ പ്രണവ് കുമാർ സുരേഷ് സംസാരിക്കുന്നു.

StartupVillage-Pranavkumar-

 

* സ്റ്റാർട്ടപ്പ് വില്ലേജ് വഴി ഉരുത്തിരിഞ്ഞ സംരംഭകസംസ്‌കാരം… ?

കേന്ദ്ര സയൻസ് ആൻഡ് ടെക്‌നോളജി മിനിസ്ട്രിയുടെ പ്രോജക്ടാണ് സ്റ്റാർട്ട് അപ്പ് വില്ലേജ്. 2012 ഏപ്രിൽ 15ന് കൊച്ചി സ്റ്റാർട്ട് അപ്പ് വില്ലേജ് പ്രവർത്തനം ആരംഭിച്ചു. സ്റ്റേറ്റ് ഗവൺമെന്റാണ് ഇൻഫ്രാസ്ട്രക്ച്ചർ നൽകിയത്. കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെന്റ് കോർപറേഷന്റെ (കിൻഫ്രാ) സർപ്പോർട്ടും ഉണ്ട്. അഡ്മിനിസ്‌ട്രേറ്റീവ് സപ്പോർട്ട് നൽകുന്നത് ടെക്‌നോ പാർക്ക് ടിബിഐ ആണ്.

അഞ്ചു വർഷത്തെ പ്രോജക്ടാണിത്. അഞ്ചു വർഷത്തിനുള്ളിൽ 48 ഇൻക്യുബേറ്റേഴ്‌സിനു രൂപം നൽകണമെന്നാണു വ്യവസ്ഥ. എന്നാൽ മൂന്നു വർഷത്തിനുള്ളിൽ 500 സ്റ്റാർട്ടപ്പ് കമ്പനികൾ ഇവിടെ ഫോം ചെയ്തു. അഞ്ചു കോടിയാണ് റണ്ണിംഗ് കോസ്റ്റായി കണക്കാക്കിയിരുന്നത്. 2.5 കോടി കേന്ദ്രസർക്കാർ ഗ്രാന്റും ബാക്കി പണം സ്വകാര്യമേഖലയിൽ നിന്നും കണ്ടെത്തണമെന്നായിരുന്നു വ്യവസ്ഥ. സർക്കാർ ഗ്രാന്റിൽ നിന്നുള്ള 1.5 കോടിരൂപ ലഭിച്ചു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ബാക്കി ഫണ്ട് ലഭിക്കും.

രണ്ടര കോടിക്കു പകരം മൂന്നു വർഷത്തിനുള്ളിൽ ആറു കോടി രൂപയാണ് സ്റ്റാർട്ടപ്പ് വില്ലേജിനു സമാഹരിക്കാൻ കഴിഞ്ഞത്. ഇതുവരെ അഞ്ഞൂറോളം കമ്പനികൾക്ക് സ്റ്റാർട്ടപ്പ് വില്ലേജ് സേവനം നൽകിയിട്ടുണ്ട്. ഒരാൾ കൊണ്ടുവരുന്ന ഒരാശയത്തെ സക്‌സസ് ആക്കിമാറ്റാനുള്ള സപ്പോർട്ടാണ് ഇവിടെ നൽകുന്നത്.

* ഇതുവരെ എത്ര യുവ സംരംഭകർ ഇൻകുബേറ്റ് ചെയ്തു ?

ആകെ 960 കമ്പനികളാണ് ഇവിടെ ഇൻക്യുബേറ്റ് ചെയ്തിട്ടുള്ളത്. ഇവയിൽ 533 കമ്പനികൾ സജീവമായുണ്ട്. 58 കമ്പനികൾ സ്റ്റാർട്ടപ്പിലെ ഫിസിക്കൽ ഇൻക്യുബേറ്റേഴ്‌സാണ്. ഇതിൽ രണ്ടു കമ്പനികൾ ഒരു വർഷത്തിനുള്ളിൽ നിർത്തലായി. ബാക്കിയുള്ള കമ്പനികളിൽ 30 എണ്ണം സ്റ്റാർട്ടപ്പ് വില്ലേജിന്റെ ക്രൈറ്റീരിയ പ്രകാരം സക്‌സസ് ലിസ്റ്റിൽ പെടുന്നവയാണ്. ടാർഗറ്റ് അച്ചീവ് ചെയത രണ്ടു കമ്പനികൾ സ്റ്റാർട്ട് അപ്പിൽ നിന്നും സ്വതന്ത്രമായി പോയി. സ്വന്തം നിലയിൽ നിൽക്കാൻ പ്രാപ്തമാണെന്നു തോന്നുന്ന കമ്പനികളെയാണ് സ്റ്റാർട്ടപ്പ് വില്ലേജ് സ്വതന്ത്രമാക്കുന്നത്.

വെർച്വലായി ഇൻക്യുബേറ്റ് ചെയ്ത 477 കമ്പനികൾക്കു കൺസൾട്ടൻസും ഫണ്ട് കണ്ടെത്താനുള്ള സഹായവും മറ്റ് സാങ്കേതിക സഹായങ്ങളും നൽകുന്നുണ്ട്. മാസംതോറും നടക്കാറുള്ള ഇവന്റുകളിൽ പങ്കെടുക്കാനും ഇൻവസ്റ്റേഴ്‌സിനെ നേരിൽ കാണാനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നുമുണ്ട്.

* സംരംഭകരെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം ?

എല്ലാ സെക്ടറുകളിൽ നിന്നും ആപ്ലിക്കേഷനുകൾ വരാറുണ്ട്. എന്നാൽ ഇന്റർനെറ്റ്, ടെലികോം, ഇലക്ട്രോണിക്‌സ് വിഭാഗത്തിൽ നിന്നുളള സ്റ്റാർട്ടപ്പുകൾക്കാണ് അവസരം നൽകുന്നത്. ആശയവും ടീമും നോക്കും. ഇന്ററസ്റ്റ് എത്രത്തോളമുണ്ടെന്ന് വിലയിരുത്തിയാണ് അപേക്ഷ പരിഗണിക്കുന്നത്. 2012 ഏപ്രിൽ 15 നു തുടങ്ങി ഇതുവരെ 6491 അപേക്ഷകളാണ് ലഭിച്ചത്.

* ആന്ധ്ര ഗവൺമെന്റിന്റെ സ്റ്റാർട്ടപ്പിന് പദ്ധതിക്കു നൽകുന്ന പിന്തുണ ?

ഇവിടുത്തെ സ്റ്റാർട്ടപ്പിലുള്ള എല്ലാ സൗകര്യങ്ങളുമായാണ് ആന്ധ്രാപ്രദേശിലും സ്റ്റാർട്ടപ്പ് തുടങ്ങിയത്. ഞാൻ തന്നെയാണ് അവിടുത്തെ സിഇഒയും. 51 കമ്പനികൾ ഇവിടെ ഇൻകുബേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നമ്മുടെ സ്റ്റാർട്ടപ്പ് വില്ലേജിൽ നൽകുന്ന എല്ലാ സേവനങ്ങളും അവിടെയും ഉണ്ടാകും. ഇതേ മാതൃകയിൽ മധ്യപ്രദേശ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലും സ്റ്റാർട്ടപ്പ് വില്ലേജുകൾ തുടങ്ങാൻ ആലോചനയുണ്ട്.

* സ്റ്റാർട്ടപ്പ് വില്ലേജും സിലിക്കൺവാലിയും തമ്മിലുള്ള അകലം ?

സിലിക്കൺവലിപോലെ നമ്മുടെ സ്റ്റാർട്ടപ്പിനെ മാറ്റിയെടുക്കാൻ ചുരുങ്ങിയത് 15 വർഷം കൂടി ഇനി വേണ്ടിവരും. സിലിക്കൺ വാലിയിൽ നിന്നും 40 വർഷം പിന്നിലാണ് നമ്മൾ. സിലിക്കൺവാലിയിൽ ഒരു വർഷം 57, 000 സ്റ്റാർട്ടപ്പ് കമ്പനികൾ രൂപം കൊള്ളുമ്പോൾ ഇന്ത്യയിലാകമാനം 2,000 താഴെ കമ്പനികൾ മാത്രം കമ്പനികളാണ് സ്റ്റാർട്ട് ചെയ്യുന്നത്.

* സ്റ്റാർട്ടപ്പ് വില്ലേജിലെ ഫീസ് വർധിപ്പിച്ചതായുള്ള ആക്ഷേപം ?

ഫീസ് വർധിപ്പിച്ചെന്നു പറയുന്നത് ശരിയല്ല. മാസം 14 ലക്ഷം രൂപയാണ് സ്റ്റാർട്ടപ്പ് വില്ലേജിന്റെ നടത്തിപ്പിനായി ചെലവ് വരുന്നത്. ഇലക്ട്രിസിറ്റി, ഇന്റർനെറ്റ് തുടങ്ങി ആറു ലക്ഷം രൂപയോളം മാസം ചെലവാകുന്നുണ്ട്. ഇരുന്നൂറ് സീറ്റ് കണക്കാക്കിയാൽതന്നെ മാസം 3,000 രൂപ ഒരാൾ നൽകണം. കഴിഞ്ഞ മൂന്നു വർഷമായി 1000 രൂപ മാത്രമാണ് ഫീസിനത്തിൽ വാങ്ങിക്കൊണ്ടിരുന്നത്. പ്രൈവറ്റ് സെക്ടറിൽ നിന്നും ലഭിച്ച ആറു കോടി രൂപയും കേന്ദ്ര സർക്കാരിന്റെ വിഹിതവും ഉപയോഗിച്ചാണ് ബാക്കിയുള്ള 2,000 രൂപ മീറ്റ് ചെയ്തിരുന്നത്. എന്നാൽ ഇനി ഈ നിലയിൽ മുന്നോട്ടു പോകാൻ കഴിയില്ല. സ്റ്റാർട്ട് അപ്പിന്റെ ഭാവിയിലെ ഡെവലപ്പിനു നിരക്ക് വർധിപ്പിക്കേണ്ടത് ആവശ്യവുമാണ്. പണം കൂടുതൽ നൽകേണ്ടിവരുമ്പോൾ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് അതു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് അറിയാം. പക്ഷെ അത്തരം പ്രതിസന്ധികളെ നേരിടാൻ തയാറായെങ്കിൽ മാത്രമെ എൺ ചെയ്യാൻ ഇൻസ്പിരേഷനും സ്പീഡും ഉണ്ടാകു. മാത്രമല്ല സ്റ്റാർട്ട് അപ്പ് വില്ലേജിനെ ലാഭത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ ഇത്തരം പരിഷ്‌കാരങ്ങൾ ആവശ്യമാണ്.

* സ്റ്റാർട്ടപ്പ് വില്ലേജിന്റെ ഭാവി പദ്ധതികൾ ?

അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു മുതൽ പത്ത് സംസ്ഥാനങ്ങളിൽവരെ സ്റ്റാർട്ടപ്പ് വില്ലേജിന്റെ ബ്രാഞ്ചുകൾ തുടങ്ങാൻ ആലോചനയുണ്ട്. ആന്ധ്രാപ്രദേശിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഘട്ടിലും ഉടൻ ആരംഭിക്കും. കോളജ്, സ്‌കൂൾ വിദ്യാർഥികളിൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാനായി ഈ മേഖലയിൽ കൂടുതൽ ഫോക്കസ് കൊടുക്കാൻ ആലോചിക്കുന്നുണ്ട്. മൂന്നു മുതൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ഏർലി സ്റ്റേജ് സ്റ്റാർട്ടിംഗ് ഇക്കോസിസ്റ്റം സ്റ്റാർട്ടപ്പ് വില്ലേജിന്റേ വകയാക്കി മാറ്റുകയാണ് ലക്ഷ്യം.

എം. എം.