വോട്ടിംഗ് യന്ത്രം പലയിടത്തും പണിമുടക്കി

Posted on: April 23, 2019

തിരുവനന്തപുരം : തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങൾ പണിമുടക്കി. വോട്ടിംഗ് യന്ത്രത്തിന്റെ തകരാറ് പരിഹരിക്കുന്നത് പല ബൂത്തുകളിലും വോട്ടിംഗ് വൈകാനിടയാക്കി.

കോവളം ചൊവ്വരയിലെ 151 ാം നമ്പർ ബൂത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ തെളിയുന്നതിനെ തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. ഈ ബൂത്തിൽ 76 പേർ വോട്ട് ചെയ്ത ശേഷമാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്. ഇവിടെ പുതിയ വോട്ടിംഗ് യന്ത്രം സ്ഥാപിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു. ബട്ടൺ പ്രവർത്തിക്കാത്തതാണ് തകരാറിന് കാരണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ വാസുകി പറഞ്ഞു. കൈപ്പത്തിക്ക് പകരം താമര തെളിയുന്നതായി പരാതി കിട്ടിയിട്ടില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

ചേർത്തല കിഴക്കെ നാൽപത് ബുത്തിലും സമാനമായ പിഴവ് കണ്ടെത്തി. എറണാകുളത്ത് വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടർന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വോട്ട് രേഖപ്പെടുത്താനായില്ല. കർദിനാൾ അരമണിക്കൂർ ബൂത്തിൽ കാത്തിരുന്ന ശേഷം മധ്യപ്രദേശിലേക്ക് പോകേണ്ടതിനാൽ മടങ്ങുകയായിരുന്നു.

വോട്ടിംഗ് യന്ത്രം സംബന്ധിച്ച പരാതികൾ ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ടിക്കാറാം മീണ പറഞ്ഞു. ചില തകരാറുകൾ പ്രതീക്ഷിച്ചിരുന്നു.