ഫെഡറൽ ബാങ്ക് 1215 സ്‌കൂളുകൾ ദത്തെടുക്കും

Posted on: October 18, 2014

Federal-Bank-Logo-new-big

ഫെഡറൽ ബാങ്ക 69-ാമത് സ്ഥാപകദിനാ ഘോഷത്തിന്റെ ഭാഗമായി ഇന്ന് 1215 സ്‌കൂളുകൾ ദത്തെടുക്കും. ബന്ധൻ എന്ന സാമൂഹിക പ്രതിബദ്ധതാ പരിപാടിയിലൂടെ ഫെഡറൽ ബാങ്കിന്റെ ഓരോ ബ്രാഞ്ചും പ്രവർത്തിക്കുന്ന പ്രദേശത്ത് ഓരോ സ്‌കൂൾ കണ്ടെത്തും. സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യം, ടോയ്‌ലറ്റ് സൗകര്യം, ലൈബ്രറി, വിദ്യാഭ്യാസ പ്രോജക്ടുകൾ, പൂന്തോട്ടം തുടങ്ങിയ ആവശ്യങ്ങൾ ബന്ധനിലൂടെ നിറവേറ്റും.

പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പ്രചരണവുമായി ബന്ധപ്പെട്ട് സ്‌കൂളുകൾ ദത്തെടുക്കലാണ് ഈ വർഷത്തെ സ്ഥാപകദിനത്തിന്റെ ആശയം. വിദ്യാഭ്യാസം, ആരോഗ്യം, കാർഷിക അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലാണ് സിഎസ്ആർ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു ബാങ്ക് അറിയിച്ചു.

സ്‌കൂളുകളുമായി ദീർഘകാല ബന്ധം സ്ഥാപിക്കുന്ന ബന്ധനിലൂടെ കുട്ടികൾക്കു സുരക്ഷിതമായ കുടിവെള്ളത്തിനുള്ള സൗകര്യമൊരുക്കുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. ഇതിന്റെ ഭാഗമായി ഉയർന്ന ഗുണനിലവാരമുള്ള ഇലക്ട്രിക് വാട്ടർ പ്യൂരിഫയർ 1,215 സ്‌കൂളുകൾക്കായി വിതരണം ചെയ്യും.

സാങ്കേതിക അവബോധം സൃഷ്ടിക്കൽ, കംപ്യൂട്ടർ ലാബ് തുടങ്ങിയ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക, സ്‌കൂളുകളിൽ മികച്ച ടോയ്‌ലറ്റ്-സാനിറ്റേഷൻ സൗകര്യങ്ങൾ നൽകുന്നതിലൂടെ ശുചിത്വത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുക, ശുചിത്വത്തെക്കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുക, സ്‌കൂൾ അങ്കണത്തിൽ മരം നടൽ, പൂന്തോട്ടനിർമാണം എന്നിവയിലൂടെ പരിസ്ഥിതി അവബോധം സൃഷ്ടിക്കുക എന്നിവയാണു മറ്റു പദ്ധതികൾ.

ബാങ്ക് പ്രവർത്തിക്കുന്ന 32 റീജണുകളിലും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ പിന്തുണയ്ക്കാനുള്ള വ്യത്യസ്ത പദ്ധതികളും നടപ്പാക്കും. സ്ഥാപകദിനത്തിന്റെ ഭാഗമായി ബാങ്ക് ജീവനക്കാർ കാഷ്മീരിലെ പ്രളയബാധിതർക്ക് വസ്ത്രങ്ങൾ നൽകും. ഫെഡറൽ ബാങ്ക് ഹെഡ് ഓഫീസിലെ ജീവനക്കാർ സൗത്ത് വാഴക്കുളം ഗവൺമെന്റ് എൽപി സ്‌കൂളിൽ സ്ഥാപിച്ച വിഷ് ട്രീയിലൂടെ കുട്ടികൾ ആഗ്രഹിച്ച കുട, ഫുട്‌ബോൾ, വാച്ച്, സ്‌കൂൾ ബാഗ്, വിവിധ കളിപ്പാട്ടങ്ങൾ, നോട്ട്ബുക്ക്, കളറിംഗ് സാമഗ്രികൾ എന്നിവ വിതരണം ചെയ്തിരുന്നു.