ഇത്തിഹാദിന്റെ ആദ്യ എ 380 സർവീസ് ഡിസംബറിൽ

Posted on: September 28, 2014

Etihad-Airways-A-A380-800-b

ഇത്തിഹാദ് എയർവേസിന്റെ ആദ്യ എ 380 വിമാനം ഡിസംബറിൽ അബുദാബിയിൽ എത്തുമെന്ന് ഇത്തിഹാദ് പ്രസിഡന്റും സിഇഒയുമായ ജയിംസ് ഹോഗൻ. ഡിസംബർ 27 ന് അബുദാബിയിൽ നിന്ന് ലണ്ടൻ ഹീത്രൂവിലേക്കാണ് ആദ്യ ഫ്‌ലൈറ്റ് സർവീസ് തുടങ്ങുന്നത്. സൂപ്പർ ജംബോ എയർക്രാഫ്റ്റിനെ സ്വീകരിക്കാൻ അബുദാബി ഇന്റർനാഷണൽ എയർപോർട്ട് കമ്പനിയുമായി ചേർന്ന് ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും ജർമ്മനിയിലെ ഹാംബർഗിൽ അദ്ദേഹം പറഞ്ഞു. എ 380 ന്റെ ഡെലവറി പുരോഗതി വിലയിരുത്താൻ എയർബസ് കമ്പനിയിൽ എത്തിയതായിരുന്നു ജയിംസ് ഹോഗൻ.

ഇത്തിഹാദിന് 2015 ൽ നാല് എ 380 ഉം മൂന്ന് ബോയിംഗ് 787-9എസും കൂടാതെ ഒരു എ 320 ഉം ആറ് എ 321 എസ് എയർക്രാഫ്റ്റുകളുമാണ് ഡെലിവറി ലഭിക്കുന്നത്. ലണ്ടൻ കഴിഞ്ഞാൽ സിഡ്‌നി, ന്യൂയോർക്ക് സെക്ടറുകളിലാണ് എ 380 വിമാനങ്ങൾ സർവീസിന് ഉപയോഗിക്കുകയെന്നും ജയിംസ് ഹോഗൻ പറഞ്ഞു.

ആഡംബര വിമാനയാത്രയിലെ അതുല്യമായ അനുഭവമാകും ഇത്തിഹാദ് എ 380 ലെ ദ റെസിഡൻസ് സ്യൂട്ട്. ലിവിംഗ് റൂം, ഡബിൾ ബെഡ് റൂം, ഷവർ റൂം എന്നിവ ഉൾപ്പെടുന്നതാണ് ദ റെസിഡൻസ്. യാത്രക്കാർക്കു പുറമെ ലണ്ടനിലെ സവോയ് ബട്ട്‌ലർ അക്കാദമിയിൽ പരിശീലനം ലഭിച്ച ഒരു പേഴ്‌സണൽ ബട്ട്‌ലറും ദ റെസിഡൻസിയിലുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.