ഐ സി ഐ സി ഐ ബാങ്കിൽ കാർഡ്‌ലെസ് കാഷ് വിത്ത്‌ഡ്രോവൽ

Posted on: September 10, 2014

I-C-I-C-I-Bank-ATM-medium

ബാങ്ക് അക്കൗണ്ടിൽനിന്ന് ഇന്റർനെറ്റിലൂടെ അയച്ചുകൊടുക്കുന്ന പണം മൊബൈൽ ഫോണിന്റെ സഹായത്തോടെ കാർഡില്ലാതെ എ ടി എമ്മിൽനിന്ന് സ്വീകരിക്കാൻ കഴിയുന്ന ‘കാർഡ്‌ലെസ് കാഷ് വിത്ത്‌ഡ്രോവൽ’ സൗകര്യം ഐ സി ഐ സി ഐ ബാങ്കിൽ നിലവിൽ വന്നു.

സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിൽനിന്ന് ലോഗിൻ ചെയ്ത് കൈമാറ്റം ചെയ്യാൻ അനുമതി നൽകുന്ന പണം അക്കൗണ്ട് ഉടമ രേഖപ്പെടുത്തുന്ന മൊബൈൽ ഫോൺ നമ്പറിന്റെ ഉടമയ്ക്ക് രാജ്യത്തെവിടെയുമുള്ള ഐ സി ഐ സി ഐ ബാങ്കിന്റെ 10,000 എ ടി എമ്മുകൾ വഴി പിൻവലിക്കാം. ഒരു ബാങ്കിന്റെയും അക്കൗണ്ടില്ലാത്തവർക്കും മൊബൈൽ ഫോൺ നമ്പറിന്റെ സഹായത്തോടെ ഇപ്രകാരം പണം സ്വീകരിക്കാൻ കഴിയും.

അക്കൗണ്ട് ഉടമയ്ക്ക് ലോഗിൻ വേളയിൽ നാല് അക്കമുള്ള വെരിഫിക്കേഷൻ കോഡ് നമ്പർ ലഭിക്കും. പണം കൈപ്പറ്റേണ്ടയാളുടെ മൊബൈൽ ഫോണിലേക്കും എസ് എം എസിലൂടെ ലഭിക്കും ആറ് അക്കമുള്ള കോഡ് നമ്പർ. രണ്ടു ദിവസ കാലാവധിക്കുള്ളിൽ എ ടി എമ്മിലെത്തി ഈ മൊബൈൽ ഫോൺ നമ്പറും കോഡ് നമ്പറുകളും യഥാവിധി രേഖപ്പെടുത്തി തുക കൈപ്പറ്റാം. ഐ സി ഐ സി ഐ ബാങ്കിന്റെ അക്കൗണ്ട് ഉടമകൾക്ക് ഡെബിറ്റ് കാർഡ് ഇല്ലാതെ തന്നെ സ്വന്തം അക്കൗണ്ടിൽനിന്നു പണം പിൻവലിക്കാനും ഇതേ മാർഗം സഹായകമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ രാജീവ് സബർവാൾ പറഞ്ഞു.