ഇത്തിഹാദ് എയർവേസിന് കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യാ അവാർഡ്

Posted on: December 11, 2016

etihad-airways-conde-nast-t

ന്യൂഡൽഹി : ഇത്തിഹാദ് എയർവേസിന് 2016 ലെ കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യാ അവാർഡ്. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ സേവന പ്രാഗത്ഭ്യവും ആതിഥ്യമികവും ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വീണ്ടും ഒരിക്കൽക്കൂടി അംഗീകരിക്കപ്പെട്ടു. രണ്ട് മാസത്തിലേറെ നീണ്ട വോട്ടെടുപ്പിൽ ഇത്തിഹാദ് എയർവേസിന്റെ സേവനമികവും സുഖസൗകര്യങ്ങളും അംഗീകരിക്കപ്പെട്ടു. തികവൊത്ത കസ്റ്റമർ അനുഭൂതി കാഴ്ചവയ്ക്കുന്നതിനൊപ്പം, വിപ്ലവാത്മകവും ലോകോത്തരവുമായ പുത്തൻ ആവിഷ്‌ക്കാരങ്ങൾക്കും ഇത്തിഹാദ് മറ്റ് എയർലൈനകളേക്കാൾ മുന്നിലെത്തി.

ലോകത്തെ ഏറ്റവും വളർച്ചയുള്ള വ്യോമയാനവിപണികളിലൊന്നിൽ ഔന്നത്യങ്ങൾ പ്രാപിക്കുന്നതിൽ യാത്രക്കാർ നൽകിയ പിന്തുണ വലിയ ബഹുമതിയായി കരുതുന്നതായി ഇത്തിഹാദ് എയർവേസ് വൈസ് പ്രസിഡന്റ് (ഇന്ത്യൻ സബ്‌കോണ്ടിനെന്റ് ) നീരജ ഭാട്ടിയ പറഞ്ഞു. മുംബൈ – അബുദാബി റൂട്ടിൽ ഫ്‌ലാഗ്ഷിപ്പ് എയർബസ് ഇറക്കിയത് ഈ വർഷമാണ്. ഇത്തിഹാദും ജെറ്റ് എയർവേസും ചേർന്ന് ഇന്ത്യയിലേക്കും ഇന്ത്യയിൽ നിന്നുമുള്ള അഞ്ച് യാത്രക്കാരിൽ ഒരാളെ കൊണ്ടുപോകുന്നു. രാജ്യാന്തരതലത്തിലുള്ള ഏറ്റവും വലിയ സംയുക്ത വിപണി പങ്കാളിത്തമാണിത്.

അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ, ഡൽഹി, ഗോവ, ഹൈദരാബാദ്, ജയ്പൂർ, കൊച്ചി, കൊൽക്കത്ത, കോഴിക്കോട്, ലക്‌നൗ, മംഗലാപുരം, മുംബൈ, പൂണെ, തിരുവനന്തപുരം എന്നിവയാണ് ഇത്തിഹാദിന്റെ ഇന്ത്യൻ ഡെസ്റ്റിനേഷനുകൾ. അടുത്ത വർഷം ചണ്ഡിഗഡ്, കണ്ണൂർ, തിരുച്ചിറപ്പള്ളി എന്നിവയും ഇത്തിഹാദ് എയർവേസ് / ജെറ്റ് എയർവേസ് ശൃംഖലയുടെ ഭാഗമാകുമെന്നും നീരജ ഭാട്യ ചൂണ്ടിക്കാട്ടി.