ഇത്തിഹാദ് എയർവേസ് ഇന്ത്യ – യുഎഇ സർവീസുകൾ വിപുലീകരിക്കുന്നു.

Posted on: October 28, 2016

etihad-airways-plane-big

അബുദാബി : ഇത്തിഹാദ് എയർവേസ്, ജെറ്റ് എയർവേസുമായി ചേർന്ന് ഇന്ത്യ-യു.എ.ഇ സർവീസുകൾ സർവീസുകൾ വിപുലപ്പെടുത്തും. അടുത്ത വർഷം മുതൽ 3 ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകളടക്കം ഇന്ത്യയ്ക്കും യുഎഇയ്ക്കുമിടയിൽ ആഴ്ചയിൽ 28 പുതിയ സർവീസുകൾ ആരംഭിക്കും. ഇത്തിഹാദിന്റെ അബുദാബി ഹബിലെ സൗകര്യങ്ങൾ ജെറ്റ് എയർവേസ് സർവീസുകൾക്കും പ്രയോജനപ്പെടുത്താൻ സാധിക്കുന്നതോടെ ഇന്ത്യയും ലോക രാജ്യങ്ങളും തമ്മിലുള്ള യാത്രാ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും കഴിയും. അബുദാബിക്കും 11 ഇന്ത്യൻ നഗരങ്ങൾക്കുമിടയിൽ ആഴ്ചയിൽ 175 സർവീസുകളാണ് ഇത്തിഹാദ് എയർവേസിനുള്ളത്.

കോഴിക്കോട് – അബുദാബി സെക്ടറിൽ ഇത്തിഹാദ് എയർവേസിന്റെ നാലാമത്തെ പ്രതിദിന സർവീസ് 2017 മാർച്ച് 26 മുതൽ ആംരംഭിക്കും. കേരളത്തിൽ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് പുതിയ സർവീസ്. കൂടാതെ 2017 ഫെബ്രുവരി ഒന്നു മുതൽ തിരുച്ചിറപ്പള്ളി – അബുദാബി പ്രതിദിന സർവീസും ആരംഭിക്കും. ഇതോടൊപ്പം അബുദാബി – അഹമ്മദാബാദ് സെക്ടറിലും പുതിയ പ്രതിദിന സർവീസ് ആരംഭിക്കും.

ഇന്ത്യയ്ക്കും അബുദാബിക്കും ഇടയിലെ യാത്രക്കാരുടെ എണ്ണം 2014 ലെ രണ്ടു ദശലക്ഷത്തിൽ നിന്നും 63 ശതമാനം വർധിച്ച് 2015 ൽ 3.3 ദശലക്ഷമായി. 2016 ഓഗസ്റ്റ് വരെയുള്ള 12 മാസങ്ങളിൽ ഇത്തിഹാദ് എയർവേസ് 717,966 യാത്രക്കാരെ ജെറ്റ് എയർവേസിനു കൈമാറിയത്. കഴിഞ്ഞ വർഷത്തേക്കാൾ 57 ശതമാനം വർധനയാണിത്. ജെറ്റ് എയർവേസ് ഇത്തിഹാദിന് കൈമാറിയത് 396,288 യാത്രക്കാരെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 33 ശതമാനമാണ് വർധന.

വരുമാനത്തിലും, യാത്രക്കാരുടെ കൈമാറ്റത്തിലും ജെറ്റ് എയർവേസും ഇത്തിഹാദ് എയർവേസും തുല്യ പങ്കാളികളായിരിക്കുമെന്ന് ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജെയിംസ് ഹോഗൻ പറഞ്ഞു. അധിക സർവീസുകളിലൂടെ കാർഗോ വിപണിയും ശക്തിപ്പെടും. ഇന്ത്യയിലെ അഞ്ചു നഗരങ്ങളിലേക്ക് (ന്യൂഡൽഹി, മുംബൈ, അഹമ്മദാബാദ്, ബംഗലുരു, ചെന്നൈ ) ആഴ്ചയിൽ 14 ഇത്തിഹാദ് എയർവേസ് കാർഗോ സർവീസുകളുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.

TAGS: Etihad Airways |