മിസ്ത്രിയുടെ രാജി കോർപറേറ്റ് മേഖലയെ ഞെട്ടിച്ചു

Posted on: October 24, 2016

cyrus-mistry-tata-group-big

മുംബൈ : സൈറസ് മിസ്ത്രിയുടെ രാജിപ്രഖ്യാപനം ഇന്ത്യൻ കോർപറേറ്റ് മേഖലയെ ഞെട്ടിച്ചു. കഴിഞ്ഞ 10 വർഷമായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമാണ് സൈറസ് മിസ്ത്രി. അതിൽ നാലുവർഷത്തോളം ടാറ്റാസൺസ് ചെയർമാനായിരുന്നു. ഐറീഷ് പൗരത്വമുള്ള സൈറസ് മിസ്ത്രി 2006 മുതൽ ടാറ്റാസൺ ഡയറക്ടറായിരുന്നു.

രത്തൻ ടാറ്റാ 2012 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ചെയർമാൻ പദവി ഏറ്റെടുത്തത്. ടാറ്റാസൺസിന്റെ ആറാമത്തെ ചെയർമാനായിരുന്നു സൈറസ് മിസ്ത്രി. നേരത്തെ മുംബൈയിലെ ഷാപോർജി പല്ലോൺജി ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. ടാറ്റാ ഗ്രൂപ്പിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയാണ് സൈറസ് മിസ്ത്രിയുടെ പിതാവ് ഷാപോർജി പല്ലോൺജി മിസ്ത്രി.

രത്തൻ ടാറ്റയെ മടക്കിക്കൊണ്ടുവരുന്നത് നല്ല സൂചനയല്ലെന്ന് ഇൻഫോസിസ് മുൻ ഡയറക്ടറും മണിപ്പാൽ ഗ്ലോബൽ എഡ്യുക്കേഷൻ ചെയർമാൻ മോഹൻദാസ് പൈ അഭിപ്രായപ്പെട്ടു. സൈറസ് മിസ്ത്രി നിരവധി കാര്യങ്ങൾ ടാറ്റാ ഗ്രൂപ്പിൽ നടപ്പാക്കിയിരുന്നു. കേവലം നാലു വർഷത്തിനുള്ളിൽ പദവി ഒഴിയേണ്ടിവരുന്നത് അഭികാമ്യമല്ലെന്നും അദേഹം കൂട്ടിച്ചേർത്തു.

ഓഹരിയുടമകളെ ചകിതരാക്കുന്ന തീരുമാനമെന്നാണ് എഴുത്തുകാരൻ ഗുരുചരൺ ദാസ് പ്രതികരിച്ചത്. തീരുമാനത്തെക്കുറിച്ച് ചില വിശദീകരണങ്ങൾ ആവശ്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു.