ഇത്തിഹാദ് വിമാനം എയർ ടർബുലൻസിൽപെട്ട് 32 പേർക്ക് പരിക്കേറ്റു

Posted on: May 5, 2016

Etihad-Airways-flight-Landi

ജക്കാർത്ത : അബുദാബിയിൽ നിന്ന് ജക്കാർത്തയിലേക്ക് പോയ (ഇവൈ 474) ഇത്തിഹാദ് വിമാനം ലാൻഡിംഗിന് തൊട്ടു മുമ്പ് എയർ ടർബുലൻസിൽപ്പെട്ട് 31 യാത്രക്കാർക്കും ഒരു ക്രൂ അംഗത്തിനും പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.24 ടെ യാണ് സംഭവം. എയർബസ് എ 330-200 വിമാനം ലാൻഡിംഗിന് 45 മിനിട്ട് മുമ്പാണ് എയർപോക്കറ്റിൽ വീണ് ആടിയുലഞ്ഞത്.

പൈലറ്റിന്റെ സമർത്ഥമായ ഇടപെടൽ മൂലം വിമാനം സുക്കാർണോ ഹട്ട അന്തരാഷ്ട്രവിമാനത്താവളത്തിൽ സുരക്ഷിതമായി നിലത്തിറക്കി. പരിക്കേറ്റവർക്ക് എയർപോർട്ട് ക്ലിനിക്കിൽ അടിയന്തര ശുശ്രൂഷ നൽകി. 9 പേരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജക്കാർത്ത – അബുദാബി വിമാനം (ഇവൈ 475) യാത്ര റദ്ദാക്കി. സംഭവത്തെക്കുറിച്ച് ഇന്തോനേഷ്യയുടെ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്ടി കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.