കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു

Posted on: April 28, 2016

Cartoonist-Toms-Big

കോട്ടയം : പ്രശസ്ത കാർട്ടൂണിസ്റ്റ് ടോംസ് (വി.ടി. തോമസ്-86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.30 ന് ആയിരുന്നു അന്ത്യം. സംസ്‌കാരം മെയ് ഒന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് കോട്ടയം ലൂർദ് പള്ളിയിൽ.

ബോബനും മോളിയും എന്ന കുട്ടിക്കഥാപാത്രങ്ങളിലുടെ മലയാള കാർട്ടൂൺരംഗത്ത് ചിരപ്രതിഷ്ഠ നേടിയ ടോംസ് 40 വർഷം മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായിരുന്നു. 1952 ൽ കുടുംബദീപത്തിലൂടെ കാർട്ടൂൺ രംഗത്ത് എത്തിയ ടോംസ് കേരളഭൂഷണം, തൊഴിലാളി, ഡെക്കാൺ ഹെറാൾഡ്, ശങ്കേഴ്‌സ് വീക്കിലി എന്നിവയിൽ കാർട്ടൂൺ വരച്ചു. 1995 ൽ മലയാള മനോരമയിൽ നിന്നും രാജിവച്ച ശേഷം ടോംസ് പബ്ലിക്കേഷൻസ് തുടങ്ങി.

കാർട്ടൂണിസ്റ്റ് ടോംസ് തന്റെ കഥാപാത്രങ്ങളായ ബോബനും മോളിക്കും ഒപ്പം

കാർട്ടൂണിസ്റ്റ് ടോംസ് തന്റെ കഥാപാത്രങ്ങളായ ബോബനും മോളിക്കും ഒപ്പം

ഭാര്യ ത്രേസ്യാക്കുട്ടി. മക്കൾ : പീറ്റർ, ബോബൻ, ബോസ് (മൂവരും ടോംസ് പബ്ലിക്കേഷൻസ്), മോളി, റാണി (ആരോഗ്യവകുപ്പ്), ഡോ. പ്രിൻസി ബിജു (മുംബൈ). മരുമക്കൾ : ഇന്ദിര ട്രീസ ബോബൻ, പോൾ ഐസക് (ചേർത്തല), ബ്രിജിത് ബോസ്, പരേതനായ ഡോ. ടോജോ മത്തായി, ബിജു ജോൺ (സ്‌ക്വയർ ഫുട്ട് മുംബൈ).

കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു

കാർട്ടൂണിസ്റ്റ് ടോംസിന്റെ ദേഹവിയോഗത്തിൽ കേരള കാർട്ടൂൺ അക്കാദമി അനുശോചിച്ചു. ഒരു കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തന്റെ ചിരിവരകളിലൂടെ അനശ്വരമാക്കിയ കാർട്ടൂണിസ്റ്റായിരുന്നു ടോംസ് എന്ന് അക്കാദമി അനുശോചന സന്ദേശത്തിൽ പറഞ്ഞു.