സ്റ്റാർട്ടപ്പ് ഇന്ത്യ കർമ പദ്ധതി കേരളത്തിൽ മൂന്ന് ഇൻകുബേറ്ററുകൾ

Posted on: January 17, 2016

Startup-India-Big

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ് ഇന്ത്യ കർമപദ്ധതിയുടെ ഭാഗമായി കേരളത്തിൽ സംരംഭക മേഖലയിൽ മൂന്ന് ഇൻകുബേറ്ററുകൾ തുടങ്ങും. കോഴിക്കോട്ടെ ഐഐഎം, എൻ.ഐ.ടി, തിരുവനന്തപുരം ഐസർ എന്നിവിടങ്ങളിലാണ് ഇവ തുടങ്ങുകയെന്ന് കൊച്ചി സ്റ്റാർട്ടപ് വില്ലേജ് ചെയർമാൻ സഞ്ജയ് വിജയകുമാർ പറഞ്ഞു.

സ്റ്റാർട്ടപ്പ് കർമപദ്ധതി പ്രഖ്യാപിക്കും മുമ്പ് പ്രത്യേകം ക്ഷണിക്കപ്പെട്ടവരെ ഉൾപ്പെടുത്തി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന നടത്തിയ ആഗോള ശില്പശാലയിൽ സഞ്ജയ് വിജയകുമാർ പങ്കെടുത്തിരുന്നു. ഡിജിറ്റൈസേഷൻ ഇന്ത്യയുടെ ഭാവിയെ എങ്ങനെ മാറ്റിമറിക്കും എന്ന വിഷയത്തിൽ നടന്ന സെഷൻ സഞ്ജയ് ആയിരുന്നു മോഡറേറ്റർ. ഇന്ത്യയിലെ പ്രമുഖ സംരംഭകരായ ദീപിന്ദർ ഗോയർ (സൊമാറ്റോ), പ്രത്യുഷ് പട്‌നായിക് (ആപ്യൂരിഫൈ), നാസ്‌കോം സീനിയർ ഡയറക്ടർ രജത് ടാൻഡൺ (ടെൻ കെ സ്റ്റാർട്ടപ്‌സ് ആക്‌സിലറേറ്റർ), സൗരഭ് ടാൻഡൺ(ആൽഫിയസ് അഡൈ്വസേഴ്‌സ്) തുടങ്ങിയവരാണ് ഈ സെഷനിൽ പങ്കെടുത്തത്.

രാജ്യത്താകെ പൊതു-സ്വകാര്യ സംരംഭങ്ങളായി 35 ഇൻകുബേറ്ററുകൾ തുടങ്ങാനും നിലവിലുള്ള 35 ഇൻകുബേറ്ററുകൾ പൊതു-സ്വകാര്യ സംരംഭങ്ങളാക്കാനും പദ്ധതിയിൽ വിഭാവനം ചെയ്യുന്നതായി സഞ്ജയ് വിജയകുമാർ പറഞ്ഞു. സ്റ്റാർട്ടപ്പ് ഇന്ത്യ കർമപദ്ധതി കേരളത്തിന് ഈ മേഖലയിൽ കൂടുതൽ ഫണ്ട് ലഭിക്കാൻ സഹായകരമാകുമെന്നും സഞ്ജയ് വിജയകുമാർ പറഞ്ഞു. കർമപദ്ധതിയുടെ ഭാഗമായുള്ള പരിഷ്‌കാരങ്ങൾ രാജ്യത്തെ സംരംഭക അന്തരീക്ഷത്തിനാകെ പ്രോത്സാഹനം നൽകുമെന്നും കൂടുതൽ യുവജനങ്ങൾക്ക് സംരംഭകരാകാനുള്ള പ്രചോദനമാകുമെന്നും സഞ്ജയ് പറഞ്ഞു.

നികുതി അടയ്ക്കുന്നതിനു നൽകിയ മൂന്നു വർഷത്തെ സാവകാശം, ഒൻപത് പരിസ്ഥിതി-തൊഴിൽ നിയമങ്ങളിലെ സ്വയം സാക്ഷ്യപ്പെടുത്തൽ, കമ്പനികൾക്ക് ലളിതമായ പാപ്പരത്ത വ്യവസ്ഥകൾ എന്നിവ സ്വാഗതാർഹമായ നടപടികളാണെന്ന് സഞ്ജയ് വിജയകുമാർ പറഞ്ഞു.