ഇൻകെൽ സൗരോർജ്ജ മേഖലയിലേക്ക്

Posted on: October 21, 2015

INKEL-Solar-Big

കൊച്ചി : പാരമ്പര്യേതര ഊർജ്ജ സ്രോതസുകൾ പരമാവധി വിനിയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഇൻകെൽ ലിമിറ്റഡ് സൗരോർജ്ജ വൈദ്യുതോപകരണ നിർമ്മാണത്തിലേക്ക് കടക്കുന്നു. ഫോട്ടോ വോൾട്ടേക് സങ്കേതികവിദ്യ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന തെരുവുവിളക്കുകളും, ഹൈമാസ്റ്റ് ലൈറ്റുകളും സെമിഹൈമാസ്റ്റ് ലൈറ്റുകളും നിർമ്മിക്കുന്ന പുതിയ പദ്ധതിയ്ക്ക് ഇൻകെൽ രൂപം നൽകും. കുറഞ്ഞ ചെലവിൽ സ്ഥാപിക്കാവുന്ന പാനലുകളും സൗജന്യ സാങ്കേതിക സഹായവും ഇൻകെൽ ഉപഭോക്താക്കൾക്കു നൽകുമെന്ന് മാനേജിംഗ് ഡയറക്ടർ ടി ബാലകൃഷ്ണൻ പറഞ്ഞു.

കൂടാതെ, അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനും വൈദ്യുതോത്പാദനം നിരീക്ഷിക്കുന്നതിനും ഉപഭോക്താക്കൾക്ക് ഇൻകെലിന്റെ വിദഗ്ധ സംഘം പ്രത്യേക പരിശീലനവും നൽകും. 2015-16 സാമ്പത്തിക വർഷം 12 കോടി രൂപയുടെ ലാഭം ലക്ഷ്യമിടുന്ന ഇൻകെൽ വിക്രം സോളാർ, സൺലൈഫ് ഗ്ലോബൽ എന്നീ കമ്പനികളുമായി ചേർന്ന് കൺസോർഷ്യം രൂപീകരിച്ചാണ് പുതിയ സംരംഭത്തിലേക്ക് കടക്കുന്നത്.

മലപ്പുറത്തെ ഇൻകെൽ ഗ്രീൻ ക്യാംപസിലെ എൻടിടിഎഫ് (നെട്ടൂർ ടെക്‌നികൽ ട്രെയിനിംഗ് ഫൗണ്ടേഷൻ) നൈപുണ്യവികസന കേന്ദ്രത്തിൽ സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ട് ഇൻകെൽ പ്രാരംഭപദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. സോളാർ പവർഗ്രിഡ് പദ്ധതികളോട് സഹകരിക്കുന്ന ഉപഭോക്താക്കളുമായി ഇൻകെൽ ചർച്ചകൾ നടത്തുന്നുണ്ടെന്ന് ബാലകൃഷ്ണൻ പറഞ്ഞു.

TAGS: INKEL Limited |