ഇൻകെലിന്റെ വാർഷിക ലാഭത്തിൽ 170 ശതമാനം വർധന

Posted on: September 2, 2015

INKEL-Limited-CS

കൊച്ചി : സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള പൊതു-സ്വകാര്യ സംരംഭമായ ഇൻകെൽ ലിമിറ്റഡിന്റെ 2014-15 സാമ്പത്തിക വർഷത്തെ ആദായത്തിൽ 170 ശതമാനം വർദ്ധന. കഴിഞ്ഞവർഷം 3.83 കോടിരൂപയായിരുന്ന വാർഷിക ലാഭം 10.28 കോടി രൂപയായി.

കൺസൾട്ടൻസിയിലൂടെയും മറ്റു സ്രോതസുകളിൽനിന്നും പ്രധാനവരുമാനം നേടിയിരുന്ന ഇൻകെലിന് സ്വന്തം പ്രവർത്തനങ്ങളിലൂടെ കൂടുതൽ വരുമാനം കണ്ടെത്താനായതാണ് വളർച്ചയ്ക്ക് കാരണമെന്ന് എംഡി ടി. ബാലകൃഷ്ണൻ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്കായി വലിയ തുക നീക്കിവച്ചത് ആദായം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവർത്തന വരുമാനത്തിൽ 300 ശതമാനം വർധനവാണ് ഇൻകെൽ രേഖപ്പെടുത്തുന്നത്. ഈ ഇനത്തിൽ കഴിഞ്ഞവർഷം 15.94 നേടിയ കോടി രൂപയുടെ വരുമാനം 45.42 കോടി രൂപയായി വർദ്ധിച്ചു. നികുതിയില്ലാതെയുള്ള ലാഭം 5.68 കോടി രൂപയായിരുന്നത് 15.84 കോടി രൂപയായാണ് വർധിച്ചത്. 2013-14 വർഷത്തിൽ 13.11 കോടി രൂപയായിരുന്ന ആകെ വരുമാനം 55 കോടിരൂപയായി ഉയർന്നു. ആകെ വരുമാനത്തിൽ 400 ശതമാനമാണ് ഇൻകെലിന്റെ വളർച്ച.

അടിസ്ഥാന സൗകര്യ വികസനത്തിലാണ് ഇൻകെൽ കൂടുതൽ ശ്രദ്ധചെലുത്തുന്നതെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഇൻകെൽ നിലവിൽ നടപ്പാക്കുന്നതും രൂപം നൽകിയിരിക്കുന്നതുമായ പദ്ധതികളുടെ ആകെ മൂല്യം 500 കോടി രൂപയാണ്. അങ്കമാലിയിലെ ഇൻകെൽ ബിസിനസ് പാർക്കിലെ 2.5 ലക്ഷം ചതുരശ്ര അടിയുടെ ടവർ-2 അടുത്തവർഷം പൂർത്തിയാകും. ഇതോടൊപ്പം, മലപ്പുറം ഇൻകെൽ ഗ്രീൻ കാമ്പസിലേയും എസ്എംഇ പാർക്കിലേയും നിരവധി പുതിയ പദ്ധതികളും പ്രവർത്തനമാരംഭിക്കുന്നതോടെ വരുംവർഷങ്ങളിലെ വരുമാനം വൻതോതിൽ വർധിക്കുമെന്നും എംഡി പറഞ്ഞു.

TAGS: INKEL Limited |