ഇൻകെൽ വല്ലാർപാടത്ത് കണ്ടെയ്‌നർ ശേഷി വർധിപ്പിക്കുന്നു

Posted on: June 30, 2015

INKEL-CFS-Vallarpadam-Big

കൊച്ചി: സംസ്ഥാന സർക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനമായ ഇൻകെൽ ചരക്കുനീക്കത്തിനായി വല്ലാർപാടത്ത് സ്ഥാപിച്ചിട്ടുള്ള ആധുനിക കണ്ടെയ്‌നർ ഫ്രൈറ്റ് സ്റ്റേഷന്റെ (സി.എഫ്.എസ്) ശേഷി വർധിപ്പിക്കുന്നു. സ്റ്റേഷന്റെ പ്രവർത്തന ചുമതലയുള്ള എ.പി.എം ടെർമിനൽസുമായി (എ.പി.എം.ടി) ചേർന്നാണ് സി.എഫ്.എസ് വികസിപ്പിക്കുന്നത്.

ഇപ്പോൾ പ്രതിദിനം 400 ട്രക്കുകൾ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സ്റ്റേഷൻ അടുത്ത ഒരു വർഷത്തിനുള്ളിൽ ശേഷി 20 മുതൽ 30 ശതമാനം കണ്ട് വർധിപ്പിക്കുമെന്ന് ഇൻകെൽ മാനേജിംഗ് ഡയറക്ടർ  ടി. ബാലകൃഷ്ണൻ പറഞ്ഞു. വല്ലാർപാടം രാജ്യാന്തര കണ്ടെയ്‌നർ ടെർമിനലിന്റെ ഭാവി പ്രവർത്തനം അടിസ്ഥാനപ്പെടുത്തിയായിരിക്കും സി.എഫ്.എസിന്റെ സമ്പൂർണശേഷി വിനിയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രത്യേക ഉദ്ദേശ്യ പദ്ധതിയായി എം.ഐ.വി ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ ഇൻകെൽ തുടങ്ങിയിട്ടുള്ള സി.എഫ്.എസ് ഇന്ന് കേരളത്തിൽ ഏറ്റവും തിരക്കുള്ളതും ഏറ്റവും വലുതുമായ ഫ്രൈറ്റ് സ്റ്റേഷനാണ്. എം.ഫാർ, വി.കെ.എൽ ഹോൾഡിംഗ്‌സ് എന്നിവയാണ് പദ്ധതിയിലെ മറ്റ് പങ്കാളികൾ. 20 അടി നീളമുള്ള 500 കണ്ടെയ്‌നറുകൾ (500 ടി ഇ യു) പ്രതിമാസം ഈ സ്ഥാപനം കൈകാര്യം ചെയ്യുന്നുണ്ട്.

കനത്ത ഭാരം താങ്ങാൻ ശേഷിയുള്ള ആറു ലക്ഷം ചതുരശ്ര അടി കോൺക്രീറ്റ് യാർഡ് കണ്ടെയ്‌നറുകൾക്കായി മാറ്റിവച്ചിട്ടുണ്ട്. സ്റ്റേഷനിലെ 62,000 ചതുരശ്ര അടി സംഭരണശേഷിയുള്ള വെയർഹൗസിൽ പല തരത്തിലുള്ള ചരക്കുകൾ സംഭരിക്കാനും പതിനായിരത്തിൽ പരം ടൺ ചരക്ക് കൈകാര്യം ചെയ്യാനുമാവും. സി.എഫ്.എസിന് സ്വന്തമായുള്ള ബാക്കി ഭൂമി കൂടി കണ്ടെയ്‌നർ നീക്കത്തിനായി ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തുറമുഖ ട്രസ്റ്റിൽ നിന്ന് 30 വർഷത്തേക്ക് പാട്ടത്തിനെടുത്ത 7.59 ഏക്കറിലാണ് സി.എഫ്.എസ് സ്ഥിതി ചെയ്യുന്നത്. 75 കോടി രൂപ ചെലവിലാണ് ഇൻകെൽ യാർഡ് നിർമിച്ചിട്ടുള്ളത്.