മൂന്നാർ : ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലെന്ന് കെടിഎം സൊസൈറ്റി

Posted on: October 10, 2015

Johny-Abraham-George-big

കൊച്ചി : മൂന്നാറിൽ തോട്ടം തൊഴിലാളികളുടെ ഉപരോധ സമരം തുടരുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുമെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റി (കെ ടി എം) പ്രസിഡന്റ് എബ്രഹാം ജോർജ് ചൂണ്ടിക്കാട്ടി. സമരവും റോഡ് ഉപരോധവും മൂലം വിനോദ സഞ്ചാരികൾ ആശങ്കയിലാണ്. പൂജ അവധിക്കും ദീപാവലിയ്ക്കുമാണ് ഉത്തരേന്ത്യയിൽ നിന്നും ഏറ്റവും അധികം വിനോദ സഞ്ചാരികൾ എത്തുന്നത്. എന്നാൽ തുടർച്ചയായ സമരം മൂലം മുൻകൂട്ടി ബുക്ക് ചെയ്തിരുന്നവർ ട്രിപ്പ് ക്യാൻസൽ ചെയ്യാൻ ആരംഭിച്ചത് ടൂറിസം മേഖലയുടെ സ്തംഭനത്തിനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മൂന്നാർ ഉൾപ്പെടെയുള്ള തോട്ടം മേഖലകളിൽ നടന്ന് വരുന്ന റോഡ് ഉപരോധവും സഞ്ചാരികളെ തടയുന്നതും ടൂറിസം മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും. ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 15 ലക്ഷത്തോളം തൊഴിലാളികളെയും ടൂറിസത്തിൽ മുതൽ മുടക്കിയ സംരംഭകരെയും ഈ മേഖലയെ ആശ്രയിച്ച് കഴിയുന്ന സ്ഥലവാസികളെയും എല്ലാത്തിലുമുപരി കേരളത്തിന്റെ ടൂറിസം സാധ്യതകളെയും ഇത്തരം സമരങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും കെ ടി എം സൊസൈറ്റി മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കൊണ്ട് സർക്കാരും സംരംഭകരും ചേർന്ന് ആഗോള തലത്തിൽ പടുത്തുയർത്തിയ ടൂറിസം ബ്രാൻഡ് തുടരെയുള്ള ഹർത്താലുകളും സമരങ്ങളും മൂലം നഷ്ടപ്പെടും. അതിനാൽ തോട്ടം തൊഴിലാളികളുടെ സമരത്തിന് മാനുഷിക പരിഗണന നൽകി എത്രയും വേഗം സമരം തീർക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും എബ്രഹാം ജോർജ് തൊഴിലാളികളോട് അഭ്യർഥിച്ചു.