ബി. ഗോവിന്ദന് ബിഎസ്‌ഐസിസി അവാർഡ്

Posted on: July 21, 2015

Bhima-B.Govindan-receving-B

തിരുവനന്തപുരം: ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ. ബി. ഗോവിന്ദന് ലണ്ടൻ ആസ്ഥാനമായ ബ്രിട്ടീഷ് സൗത്ത് ഇന്ത്യ കൗൺസിൽ ഓഫ് കൊമേഴ്‌സിന്റെ (ബിഎസ്‌ഐസിസി) ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്. ബ്രിട്ടീഷ് പാർലമെന്റിൽ വ്യാഴാഴ്ച നടന്ന ചടങ്ങിൽ പ്രമുഖ വ്യവസായിയും ബ്രിട്ടനിലെ പ്രമുഖ രാഷ്ട്രീയ നേതാവുമായ സ്വരാജ് പോളിൽനിന്നു ഗോവിന്ദൻ അവാർഡ് ഏറ്റുവാങ്ങി.

ബ്രിട്ടീഷ് എംപിമാരായ വീരേന്ദ്ര ശർമ, റിഷി സുനക്, ബ്രിട്ടീഷ് പ്രഭുസഭ മുൻ അംഗം ബ്രെറ്റ് മക്‌ലീൻ, ബിഎസ്‌ഐസിസി ഡയറക്ടറും ചീഫ് കോർഡിനേറ്ററുമായ സുജിത് നായർ, വൈസ് ചെയർമാനും സംഘടനയിലെ കേരള പ്രതിനിധിയുമായ ഹരീഷ് ഹരിദാസ് (ലോർഡ്‌സ് ആശുപത്രി, തിരുവനന്തപുരം) തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ത്യയിൽ ആഭരണ-രത്‌ന വ്യവസായത്തിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഭീമ ജ്വല്ലറി മാനേജിംഗ് ഡയറക്ടർ സുഹാസ് റാവു ചടങ്ങിൽ പ്രസംഗിച്ചു.

ഭീമ ജ്വല്ലറി സ്ഥാപകൻ ഭീമ ഭട്ടറുടെയും വനജയുടെയും മകനായ ഗോവിന്ദൻ ആലപ്പുഴ ഭീമ ബ്രദേഴ്‌സിൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടിവായാണ് ബിസിനസ് രംഗത്ത് പ്രവേശിച്ചത്. സ്ഥിരോത്സാഹത്തിലൂടെ 8000 കോടി രൂപ മൂല്യമുള്ള ഭീമ ഗ്രൂപ്പിന്റെ ചെയർമാനായി ഉയരുകയായിരുന്നു. ഇന്ത്യയിലെ ആദ്യ ഐഎസ്ഒ-9001 ജ്വല്ലറി, കേരളത്തിൽ ബിഐഎസ് സർട്ടിഫിക്കേഷനുള്ള ആദ്യ ജ്വല്ലറി ഷോറൂം തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ഭീമ ഒറ്റ ഷോറൂമിൽനിന്ന് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതി നൽകുന്ന സ്ഥാപനമായും കേരളത്തിൽ ഏറ്റവും കൂടുതൽ വില്പനനികുതി സർക്കാരിനു നൽകുന്ന ജ്വല്ലറിയായും വളർന്നു.

ഗോവിന്ദൻ ഇപ്പോൾ ഓൾ ഇന്ത്യ ജെംസ് ആൻഡ് ജ്വല്ലറി ട്രേഡ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് അംഗം, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് വൈസ് പ്രസിഡന്റ്, കേരള ഗോൾഡ്-സിൽവർ റേറ്റ് ഫിക്‌സിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.