2021ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളില്‍ ഒന്ന് എന്ന ആംബിഷന്‍ ബോക്‌സ് ബഹുമതി യു എസ് ടി ക്ക്

Posted on: July 23, 2021

 

തിരുവനന്തപുരം : ഇന്ത്യയിലെ മികച്ച തൊഴിലിടം എന്ന ഈ വര്‍ഷത്തെ ആംബിഷന്‍ ബോക്‌സ് എംപ്ലോയീ ചോയിസ് ബഹുമതിക്ക് പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി അര്‍ഹമായി. ആംബിഷന്‍ ബോക്‌സ് എന്ന തൊഴില്‍ ഉപദേശക പ്ലാറ്റ് ഫോം ആദ്യമായി അവതരിപ്പിച്ച എംപ്ലോയീ ചോയിസ് പുരസ്‌ക്കാരങ്ങളിലാണ് യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടത്. പ്രമുഖ കരിയര്‍ അഡൈ്വസറി കമ്പനിയാണ് ആംബിഷന്‍ ബോക്‌സ്.

ഇന്ത്യയിലെ 12 മികച്ച ഐ ടി / ഐ ടി ഇ എസ് കമ്പനികളുടെ കൂട്ടത്തില്‍ ഒരെണ്ണമായും, 3 വന്‍കിട ഐ ടി / ഐ ടി ഇ എസ് കമ്പനികളിലൊരെണ്ണമായും യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടു. 2020 ല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ യു എസ് ടിക്കു നല്‍കിയ റേറ്റിങ്ങും അവലോകനങ്ങളും കണക്കിലെടുത്താണ് ആംബിഷന്‍ ബോക്‌സ് യു എസ് ടി യെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്.

തൊഴിലന്വേഷകര്‍ക്ക് മികച്ച തൊഴിലിടങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കി സഹായിക്കുന്ന ആംബിഷന്‍ ബോക്‌സ്, വലുതും ചെറുതുമായ കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭിപ്രായങ്ങളും അവലോകനങ്ങളും ക്രോഡീകരിച്ചാണ് വിവിധ തൊഴില്‍ മേഖലകളിലുള്ള തൊഴില്‍ ദാതാക്കളെപ്പറ്റിയുള്ള വിവരങ്ങളും നിര്‍ദേശങ്ങളും തൊഴില്‍ അന്വേഷിക്കുന്നവരുമായി പങ്കു വയ്ക്കുന്നത്. വിവിധ കമ്പനികളിലെ ജീവനക്കാരില്‍ നിന്ന് അതതു കമ്പനികളിലെ തൊഴില്‍ സംസ്‌കാരം, കരിയര്‍ വളര്‍ച്ച, ശമ്പളം, ജോലി-ജീവിത സന്തുലിതാവസ്ഥ, കഴിവുകളുടെ വികസനം, തൊഴില്‍ സംതൃപ്തി, തൊഴില്‍ സുരക്ഷ എന്നിവയുള്‍പ്പെടെ ജോലിസ്ഥലങ്ങളിലെ പ്രധാന അളവുകളിലൂന്നിയാണ് ആമ്പിഷന്‍ ബോക്‌സ് കമ്പനികളെപ്പറ്റി ജീവനക്കാരുടെ വികാരം നിര്‍ണ്ണയിക്കുന്നത്.

ഇതാദ്യമായി സംഘടിപ്പിച്ച പുരസ്‌ക്കാരങ്ങള്‍ ബൃഹത്, വന്‍കിട മുതല്‍ സ്റ്റാര്‍ട്ട് അപ്പ് വരെ 5 വിഭാഗങ്ങളിലായി ഒരു കൂട്ടം ബഹുമതികളാണ് നല്‍കുന്നത്. ഈ വിഭാഗങ്ങളില്‍ കമ്പനികളുടെ വലിപ്പം, അവയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ എന്നിവ അനുസരിച്ചാണ് തരം തിരിക്കുന്നത്. ഉദാഹരണത്തിന്, 10,000 മുതല്‍ 50,000 വരെ ജീവനക്കാരുള്ള കമ്പനികളെ വന്‍കിട കമ്പനികള്‍ എന്നാണ് തരം തിരിച്ചിട്ടുള്ളത്.

ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആംബീഷന്‍ ബോക്‌സ് എംപ്ലോയീ ചോയ്സ് ബഹുമതിയ്ക്കായി യു എസ് ടി യെ തിരഞ്ഞെടുത്തു എന്നതില്‍ അഭിമാനമുണ്ടെന്ന് യു എസ് ടിയുടെ ഇന്ത്യാ മേധാവിയും ചീഫ് ഓപറേറ്റിംഗ് ഓഫിസറുമായ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. ‘1999 ല്‍ സ്ഥാപിതമായ ശേഷം, കഴിഞ്ഞ 22 വര്‍ഷങ്ങളായി സാങ്കേതിക വിദ്യയിലൂടെയും, ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങളിലൂടെയും ജീവിതങ്ങള്‍ മാറ്റിമറിച്ച്, അവയ്ക്കു താങ്ങായി പുതുയുഗം രചിക്കുയാണ് യു എസ് ടി. ഒപ്പം പ്രവര്‍ത്തിക്കുന്ന ജീവനക്കാരോടുള്ള യു എസ് ടി യുടെ പ്രതിബദ്ധത ഒരിക്കല്‍ക്കൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ് ഈ ബഹുമതി. അതോടൊപ്പം തന്നെ യു എസ് ടി യുടെ ഉപഭോക്തൃ കമ്പനികള്‍ക്ക് നല്‍കിവരുന്ന സേവനങ്ങളുടെ മൂല്യമേറ്റാനും ഈ പുരസ്‌ക്കാരം സഹായിക്കും. മികവിന്റെ പുത്തന്‍ മാനങ്ങളേറുന്ന യു എസ് ടി യുടെ പുരോഗമനോല്‍സുകാരായ ജീവനക്കാര്‍ക്ക് ലഭ്യമായ ബഹുമതി കൂടിയാണിത്, അദ്ദേഹം പറഞ്ഞു.

‘ഓരോ മാസവും, ആമ്പിഷന്‍ ബോക്‌സ് പ്ലാറ്റ്ഫോമില്‍ എത്തുന്ന ആളുകള്‍ കമ്പനികളിലെ ജീവനക്കാരുടെ അവലോകനങ്ങള്‍, ശമ്പള വിവരങ്ങള്‍, അഭിമുഖ അനുഭവങ്ങള്‍ എന്നിവ ഉള്‍പ്പടെ അവര്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ വിശ്വസനീയമായ വിവരങ്ങള്‍ അന്വേഷിക്കുന്നത് ഞങ്ങള്‍ കാണുന്നു. ഇതാണ് ആദ്യമായി ജീവനക്കാരുടെ തിരഞ്ഞെടുപ്പിലൂന്നിയുള്ള പുരസ്‌ക്കാരങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്ന്,’ ആമ്പിഷന്‍ ബോക്‌സ് ഡോട്ട് കോം സ്ഥാപകന്‍ മയൂര്‍ മുണ്ടഡ പറഞ്ഞു. ‘ഈ അവാര്‍ഡുകള്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നതിനുള്ള മികച്ച സ്ഥലങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലനമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. മികച്ച 12 ഐടി / ഐടിഇഎസ് കമ്പനികളിലൊന്നായും ഇന്ത്യയിലെ 3 വന്‍കിട ഐടി / ഐടിഇഎസ് കമ്പനികളിലൊന്നായും അംഗീകരിക്കപ്പെട്ട യുഎസ് ടി യെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. കമ്പനിക്കും ജീവനക്കാര്‍ക്കും ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആശംസകള്‍ അറിയിക്കുന്നു’, മയൂര്‍ മുണ്ടഡ കൂട്ടിച്ചേര്‍ത്തു.

ഇതിനു മുന്‍പ്, ഗ്ലാസ്‌ഡോര്‍ എംപ്ലോയീസ് ചോയ്‌സ് അവാര്‍ഡും യു എസ് ടി നേടിയിട്ടുണ്ട്. 2020 ല്‍ ഗ്ലാസ്‌ഡോറിന്റെ ഏറ്റവും മികച്ച 100 മികച്ച തൊഴിലിടങ്ങളില്‍ ഒന്നായി യു എസ് ടി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020ല്‍, കോവിഡ്-19 പ്രതിസന്ധി കാലഘട്ടത്തിലെ ഏറ്റവും മികച്ച 25 സി ഇ മാരുടെ ഗ്ലാസ്‌ഡോര്‍ പട്ടികയില്‍ യു എസ് ടിയുടെ സി ഇ ഒ കൃഷ്ണ സുധീന്ദ്ര ഇടം നേടിയിരുന്നു. ടോപ്പ് എംപ്ലോയേഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് , ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് എന്നിവയുടെ അംഗീകാരവും യു എസ് ടിക്ക് ഇന്ത്യയില്‍ ലഭിച്ചിട്ടുണ്ട്.

ലോകമെമ്പാടുമായി 26,000 ത്തിലധികം ജീവനക്കാരുള്ള കമ്പനിയാണ് യു എസ് ടി. ഇവരില്‍ 15,000 ത്തിലധികം ജീവനക്കാര്‍ യു എസ് ടി യുടെ ഇന്ത്യാ കേന്ദ്രങ്ങളായ തിരുവനന്തപുരം, ബെംഗളൂരു, കൊച്ചി, ചെന്നൈ, ഹൈദരാബാദ്, പൂനെ, നോയിഡ, ഹൊസൂര്‍, കോയമ്പത്തൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. യു എസ് ടി യിലെ തൊഴിലവസരങ്ങളെ കുറിച്ചറിയാന്‍ https://www.ust.com/en/careers സന്ദര്‍ശിക്കുക.

TAGS: Ust |