95% ഡെവലപ്പര്‍മാരും കോവിഡിന്റെ രണ്ടാം തരംഗ മൂലം പദ്ധതി കാലതാമസം ഭയപ്പെടുന്നതായി ക്രെഡായ് റിപ്പോര്‍ട്ട്

Posted on: June 12, 2021

കൊച്ചി: കോവിഡ് രണ്ടാം തരംഗത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള ആദ്യ പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡവലപ്പേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ക്രെഡായ്). വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക് മേഖലകളിലായി 2021 മെയ് 24നും ജൂണ്‍ 3നും ഇടയില്‍ നടത്തിയ സര്‍വേയിലെ കണ്ടെത്തലുകളാണ് ക്രെഡായ് പ്രസിദ്ധീകരിച്ചത്. 217 നഗരങ്ങളില്‍ നിന്നുള്ള 4,813 ഡെവലപ്പര്‍മാരാണ് സര്‍വേയില്‍ പങ്കെടുത്തത്. കോവിഡ് കാലത്ത് റിയല്‍ എസ്റ്റേറ്റ് മേഖല നേരിടുന്ന വെല്ലുവിളികളുടെ വ്യാപ്തി തുറന്നുകാണിക്കുന്നതാണ് സര്‍വേയിലെ കണ്ടെത്തലുകള്‍. തൊഴിലാളികളുടെ ക്ഷാമം, സാമ്പത്തിക പരിമിതികള്‍, പദ്ധതി അംഗീകാരത്തിലെ കാലതാമസം, നിര്‍മാണ ചെലവിലെ വര്‍ധനവ്, ഉപഭോക്തൃ ഡിമാന്‍ഡിലെ കുറവ് തുടങ്ങിയവയാണ് ഡെവലപ്പര്‍മാര്‍ ഉയര്‍ത്തിക്കാട്ടുന്ന പ്രധാന വെല്ലുവിളികള്‍.

ഈ മേഖലയില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും അടിയന്തിര ദുരിതാശ്വാസ നടപടികള്‍ പ്രഖ്യാപിച്ചില്ലെങ്കില്‍, പദ്ധതികളിലെ കാലതാമസം ഉറപ്പായിരിക്കുമെന്ന് 95 ശതമാനം ഡെവലപ്പര്‍മാരും കരുതുന്നതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. നിരവധി ഘടകങ്ങളും പദ്ധതി കാലതാമസത്തിന് കാരണമായി ഡെവലപ്പര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൈറ്റുകളില്‍ തൊഴിലാളികളുടെ ക്ഷാമം അനുഭവിക്കുന്നതായി 92 ശതമാനം ഡെവലപ്പര്‍മാരും അഭിപ്രായപ്പെട്ടു. 83% ഡെവലപ്പര്‍മാരും പകുതിയില്‍ താഴെ തൊഴിലാളികളുമായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് പുറമെ 82% ഡെവലപ്പര്‍മാര്‍ പദ്ധതി അംഗീകാരത്തിനുള്ള കാലതാമസവും നേരിടുന്നുണ്ട്. കോവിഡ് രണ്ടാം തരംഗം ആദ്യത്തേതിനേക്കാള്‍ വ്യവസായത്തെ വിനാശകരമായി ബാധിക്കുമെന്നാണ്് 90% ഡെവലപ്പര്‍മാരും കരുതുന്നത്.

സ്റ്റീല്‍, സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ സമീപകാല വിലക്കയറ്റം, നിര്‍മാണച്ചെലവില്‍ പത്ത് ശതമാനത്തിലധികം വര്‍ധവിന് കാരണമായതായി 88% ഡെവലപ്പര്‍മാര്‍ വെളിപ്പെടുത്തി. 77% ഡെവലപ്പര്‍മാര്‍ നിലവിലുള്ള വായ്പകളുടെ സേവനത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇതിന് പുറമെ 85% ഡെവലപ്പര്‍മാര്‍ ആസൂത്രിതമായ സമാഹരണത്തിലും, 69% ഡെവലപ്പര്‍മാര്‍ ഉപഭോക്തൃ ഭവന വായ്പകളുടെ വിതരണത്തിലും തടസങ്ങള്‍ നേരിടുന്നുണ്ട്. ഉപഭോക്തൃ സ്വഭാവത്തിലുണ്ടാവുന്ന മാറ്റങ്ങളിലേക്കും ക്രെഡായ് സര്‍വേ റിപ്പോര്‍ട്ട് വിരല്‍ചൂണ്ടുന്നു. സൈറ്റ് സന്ദര്‍ശനങ്ങളിലെയും അന്വേഷണങ്ങളിലെയും കുറവ്, ഉപഭോക്തൃ ഡിമാന്‍ഡ് താഴാന്‍ ഇടയാക്കി. 98% ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്തൃ അന്വേഷണങ്ങള്‍ കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. ഇതില്‍ 42% ഡെവലപ്പര്‍മാര്‍ക്കും ഉപഭോക്തൃ അന്വേഷണങ്ങളില്‍ 75% ഇടിവുണ്ടായി. 95% ഉപഭോക്താക്കളെയും അവരുടെ പര്‍ച്ചേസിങ് തീരുമാനങ്ങള്‍ മാറ്റിവയ്ക്കാന്‍ കോവിഡ് രണ്ടാം തരംഗം കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.

രാജ്യമെമ്പാടുമുള്ള ഡെവലപ്പര്‍മാരില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ ശേഖരിച്ചതിനാല്‍, ഇന്ത്യയിലെ ഏറ്റവും സമഗ്രവും വിശ്വസനീയവുമായ റിയല്‍ എസ്റ്റേറ്റ് സര്‍വേകളിലൊന്നായാണ് ക്രെഡായിയുടെ കോവിഡ് ഇംപാക്റ്റ് അനാലിസിസ് റിപ്പോര്‍ട്ടിനെ കണക്കാക്കുന്നത്. സര്‍വേ റിപ്പോര്‍ട്ട് ഇതിനകം സര്‍ക്കാരുമായി പങ്കുവച്ചിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടില്‍ അടിയന്തിരമായി തന്നെ ആവശ്യമായ സാമ്പത്തിക ഉത്തേജക നടപടികളും, പുരോഗമനത്തിന് ഉതകുന്ന സഹായങ്ങളും നല്‍കണമെന്നും ക്രഡായ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റത്തവണ ലോണ്‍ പുനക്രമീകരിക്കല്‍, പണലഭ്യത ഉണ്ടാക്കല്‍, റിറയില്‍ പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് ആറുമാസത്തെ സമയ ദൈര്‍ഘ്യം നല്‍കല്‍, സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നല്‍കല്‍, ലോണുകള്‍ തിരിച്ചടയ്ക്കുന്നതിന് ആറുമാസത്തെ മോറട്ടോറിയം നീട്ടിനല്‍കല്‍, എസ്എംഎ ക്ലാസിഫിക്കേഷന്‍ ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവയ്ക്കല്‍ തുടങ്ങിയ ആവശ്യങ്ങളാണ് ക്രെഡായ് ഉന്നയിക്കുന്നത്. നിര്‍മാണ സാമഗ്രികളുടെ വില കുറയ്ക്കല്‍, പദ്ധതി അംഗീകാരത്തിനും നിര്‍മാണ തുടക്കത്തിനും സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം, എല്ലാ മേഖലകള്‍ക്കും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് തുടങ്ങിയ നടപടികളിലൂടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും ക്രെഡായ് പ്രതീക്ഷിക്കുന്നു.

റിയല്‍ എസ്റ്റേറ്റ് മേഖല ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയില്‍ 6-7 ശതമാനം വരെ ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നുണ്ടെന്നും, രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാക്കളായും, 270ല്‍പരം അനുബന്ധ വ്യവസയായങ്ങളുമായി ബന്ധപ്പെട്ടും ഈ മേഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആദ്യ തരംഗത്തേക്കാള്‍, കോവിഡ് രണ്ടാം തരംഗം റിയല്‍ എസ്റ്റേറ്റ് മേഖലയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതായാണ് സര്‍വേ കണ്ടെത്തലുകളെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ പറഞ്ഞു. നിലവിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, റിയല്‍ എസ്റ്റേറ്റ് മേഖലയെ സഹായിക്കുന്നതിന് അടിയന്തിര സാമ്പത്തിക ഉത്തേജനം നല്‍കാനും, ദ്രുതഗതിയിലുള്ള വീണ്ടെടുക്കല്‍ പുരോഗമന നടപടികള്‍ ആരംഭിക്കാനും സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായും ഹര്‍ഷ് വര്‍ധന്‍ പട്ടോഡിയ കൂട്ടിച്ചേര്‍ത്തു.

TAGS: Credai |