ജോര്‍ജ് പോള്‍: ഓര്‍മപ്പുസ്തകം പ്രകാശനം ചെയ്തു

Posted on: November 28, 2020

കൊച്ചി : കേരളത്തിലെ വ്യവസായ ലോകത്തിനു പുതുപ്രകാശമേകിയ സിന്തെറ്റ് ഇന്‍ഡസ്ട്രീസിന്റെ വൈസ് ചെയര്‍മാനും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അല്‍മായ ട്രിസ്റ്റിയുമായിരുന്ന ജോര്‍ജ് പോളിനെപ്പറ്റിയുള്ള ഓര്‍മപ്പുസ്തകം പുറത്തിറങ്ങി.

അദ്ദേഹത്തിന്റെ സുഹൃത്തുക്ക ളും കുടുംബാംഗങ്ങളും ചേര്‍ന്നു പുറത്തിറക്കിയ പുസ്തകം- ‘എ ലൈഫ് ഓഫ് പര്‍പ്പസ്, ലിവ്ഡ് വിത് പാഷന്‍’- മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ജേക്കബ് മാത്യു, ജെയിന്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ.ജെ. ലതയ്ക്കു കൈമാറി പ്രകാശനം ചെയ്തു.

വിജയത്തിന്റെ രസക്കൂട്ട് കൃത്യമായി അലിയിച്ചു ചേര്‍ത്ത വ്യവസായിയായിരുന്നു ജോര്‍ജ് പോളെന്നും സിന്തെറ്റ് രാജ്യത്തെ മുന്‍നിര സ്ഥാപനമായതിനു പിന്നിലുള്ള ദീര്‍ഘവീക്ഷണത്തോ ടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ചരിത്രമാണെന്നും ജേക്കബ് മാത്യു പറഞ്ഞു.

വിപണിയിലെ മാറ്റങ്ങള്‍ക്കൊപ്പം സ്വയം മാറണമെന്നു വിശ്വസിച്ച് ജോര്‍ജ് ഓരോ ഘട്ടത്തിലും അതു പാലിച്ചു. ഒരു ജീവിതം കൊണ്ട് ഒട്ടേറെ മേഖലകളില്‍ കയ്യൊപ്പിടാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നും ജേക്കബ് മാത്യു പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭാ കൊച്ചി ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് പ്രഫ.ടൈറ്റസ് വര്‍ക്കി, പ്രഫ. എം.പി. മത്തായി, പൗലോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലക ളില്‍ പ്രതിഭ പ്രസരിപ്പിച്ച ജോര്‍ജ് പോളിനെപ്പറ്റി വിവിധ മേഖലകളിലെ പ്രമുഖര്‍ എഴുതിയ കുറിപ്പുകളും അദ്ദേഹത്തിന്റെ വിജയമന്ത്രങ്ങളെപ്പറ്റി പ്രിയപ്പെട്ടവരുടെ ഓര്‍മക്കുറിപ്പുകളും പുസ്തകത്തിലുണ്ട്.

പ്രഫ. ടൈറ്റസ് വര്‍ക്കി, പി.ടി. ഏലിയാസ്, ഡോ. കുര്യന്‍ തോമസ്, ജോയ് തോട്ടയ്ക്കാട്, വര്‍ഗീസ് ജോണ്‍, ജേക്കബ് കുരുവിള, ജോര്‍ജ് പോളിന്റെ ഭാര്യ ലിസജോര്‍ജ്, മകന്‍ പൗലോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണു പുസ്തകം തയാറാക്കിയത്.

TAGS: George Paul |