കേരള ബാങ്കിൽ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

Posted on: June 1, 2020

തിരുവനന്തപുരം : സാധാരണ ജനങ്ങൾക്കും, കർഷകർക്കും പ്രയോജനകരമായ ബാങ്കായിരിക്കും കേരള ബാങ്കെന്നും പ്രതിസന്ധിഘട്ടങ്ങളിൽ നാടിന്റെ അതിജീവനപ്പോരാട്ടത്തിന് കേരള ബാങ്ക് കരുത്തു പകരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാവിധ ആധുനിക ബാങ്കിംഗ് സേവനങ്ങളും കേരള ബാങ്കിൽ ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരള ബാങ്കിന്റെ ഓഫീസുകളുടെ പുനക്രമീകരണത്തിന്റെ ഭാഗമായി നിലവിൽ വന്ന തിരുവനന്തപുരം റീജിയണൽ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുനക്രമീകരണത്തിന്റെ ഭാഗമായി കേരള ബാങ്കിന്റെ കോർപ്പറേറ്റ് ബിസിനസ്
ഓഫീസും മേഖല ഓഫീസുകളും ജൂൺ ഒന്ന് മുതൽ നിലവിൽ വന്നു. കോർപ്പറേറ്റ് ഓഫീസ് എറണാകുളത്തും മേഖല ഓഫീസുകൾ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലുമാണ്. രണ്ട് ജില്ലകൾക്കായാണ് ഒരു മേഖല ഓഫീസ് പ്രവർത്തിക്കുക. ഇതിനു പുറമേ എല്ലാ ജില്ലകളിലും ക്രെഡിറ്റ് പ്രോസസിംഗ് സെന്ററുകളുമുണ്ട്. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകൾ, വകുപ്പുകൾ, ഉദ്യോഗസ്ഥരുടെ ചുമതലകൾ എന്നിവയെല്ലാം തീരുമാനമായി. ബാങ്കിന്റെ ഡയറക്ടർ ബോർഡിനു കീഴിൽ മാനേജിങ് ഡയറക്ടർ/ചീഫ് എക്സിക്യുട്ടീവ് ഓഫീസർ തസ്തികയും തൊട്ടുതാഴെ ചീഫ് ജനറൽ മാനേജരുമുണ്ട്. തിരുവനന്തപുരത്തെ ആസ്ഥാനഓഫീസിൽ വിവിധ വിഭാഗങ്ങളിലായി ആറ് ജനറൽ മാനേജർമാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോർപറേറ്റ് ഓഫീസിലും ജനറൽ മാനേജർമാരുണ്ടാകും.

പുതിയ വായ്പാ പദ്ധതികൾ ബാങ്ക് പുറത്തിറക്കിയിട്ടുണ്ടെന്നും അത് സാധാരണക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് മന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞു. കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള ബാങ്ക് കാർഷിക സ്വർണ്ണപ്പണയ വായ്പ 6.80% പലിശ നിരക്കിൽ പ്രാഥമിക സഹകരണ ബാങ്കിലൂടെ നൽകുന്നുണ്ട്. ഇതിന് 100 രൂപയ്ക്ക് പ്രതിമാസം വെറും 56 പൈസ മാത്രമാണ് പലിശ വരുന്നത്. ഇതിന് 100 രൂപയ്ക്ക് പ്രതിമാസം വെറും 56 പൈസ മാത്രമാണ് പലിശ വരുന്നത്.

ഒരു വർഷ കാലാവധിയുള്ള ഈ പദ്ധതിയ്ക്ക് പരമാവധി 2 ലക്ഷം രൂപ വരെ നൽകുന്നു. കാർഷിക, കാർഷികാനുബന്ധ, മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യബന്ധന മേഖലകളിൽ ഉള്ളവർക്കും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കും പ്രയോജനപ്പെടുത്താവുന്ന ഈ വായ്പയുടെ കാലാവധി ജൂൺ 15 വരെ നീട്ടിയിട്ടുണ്ട്. കൂടാതെ സാധാരണ സ്വർണ്ണപ്പണയ വായ്പകൾക്ക് 40 ലക്ഷം രൂപ വരെയും നൽകുന്നു. മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയിലൂടെ കുടുംബശ്രീ യൂണിറ്റുകൾക്ക് 4 ലക്ഷം രൂപ വരെ വായ്പകൾ നൽകുന്നുണ്ട്. ഈ വായ്പകളുടെ പലിശ പൂർണ്ണമായും സർക്കാരാണ് വഹിക്കുന്നത്. കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി കിസാൻമിത്ര വായ്പ 3 ലക്ഷം രൂപ വരെ 4 ശതമാനം പലിശയ്ക്ക് കൊടുത്തു വരുന്നു. ജനങ്ങളുടെ ഏതാവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന 60 ലക്ഷം രൂപ വരെ നൽകുന്ന സാധാരണ ഭൂപണയ വായ്പകൾ, വ്യക്തിഗത വായ്പകൾ തുടങ്ങി ജനോപകാരപ്രദമായ വിവിധയിനം വായ്പകൾ കേരള ബാങ്കിലൂടെ നൽകി വരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സിഇഒ പി.എസ്. രാജൻ, സിജിഎം കെ.സി. സഹദേവൻ, ജനറൽ മാനേജർന്മാരായ എസ്. കുമാർ, സി. സുനിൽ ചന്ദ്രൻ, എ.ആർ. രാജേഷ്, റീജണൽ ഓഫീസ് ജനറൽ മാനേജർ ഇൻ ചാർജ്ജ് കെ. മോഹനൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.