ഓരോ മാസവും പുതിയ വായ്പകള്‍ക്കായി അപേക്ഷിക്കുന്നത് രണ്ടു കോടിയിലേറെ ഇന്ത്യക്കാര്‍

Posted on: December 11, 2019

കൊച്ചി: ഓരോ മാസവും പുതിയ വായ്പകള്‍ക്കായി അപേക്ഷിക്കുന്നത് 2.2 കോടിയോളം ഇന്ത്യന്‍ ഉപഭോക്താക്കളാണെന്ന് ട്രാന്‍സ്യൂണിയന്‍ പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതേ സമയം ഇവ പരിഗണിക്കുന്നതിലെ കാലതാമസം മൂലം പത്തില്‍ ഏഴു പേര്‍ വീതം അവരുടെ അപേക്ഷ പൂര്‍ണമാകുന്നതിനു മുന്നേ തന്നെ പിന്‍വാങ്ങുകയും ചെയ്യുന്നു. വായ്പാ അപേക്ഷകളില്‍ മൂന്നില്‍ രണ്ടിലും അനുമതി ലഭിക്കാനായി മൂന്നോ അതിലധികമോ ദിവസം എടുക്കുന്നുമുണ്ട്.

ഇന്ത്യയിലെ വായ്പാ മേഖല നേരിടുന്ന ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനായുള്ള സേവനങ്ങള്‍ക്ക് ട്രാന്‍സ്യൂണിയന്‍ സോഫ്റ്റ് വെയര്‍ സര്‍വ്വീസസ് തുടക്കം കുറിച്ചിട്ടുണ്ട്. ഇതു വഴി ബയോ മെട്രിക്സിലേയും എന്‍ക്രിപ്ഷനിലേയും ഏറ്റവും പുതിയ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ രേഖകളും മുഖവും സുരക്ഷിതമായി സ്‌ക്കാന്‍ ചെയ്തു നല്‍കാം. ഓരോ വിവരവും അടിച്ചു ചേര്‍ക്കുന്നതിനുള്ള സമയം ഇതു വഴി ലാഭിക്കാനാവും. ഉപഭോക്താക്കളെ തിരിച്ചറിയാനായി വൈവിധ്യമാര്‍ന്ന ഡാറ്റാ ശൃംഖലയും ഇതില്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട സംവിധാനങ്ങളും ഇതിലുണ്ട്. വായ്പ നല്‍കുന്നതിനുള്ള തീരുമാനങ്ങള്‍ തടസമില്ലാതെ കൈക്കൊള്ളാനും ഇതിലൂടെ സാധിക്കും. വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാനും ക്രെഡിറ്റ് കാര്‍ഡ്, പേഴ്സണല്‍ വായ്പകള്‍ തല്‍സമയം ആക്ടിവേറ്റു ചെയ്യാനുമെല്ലാം ഇതു സഹായകമാകും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകളില്‍ 86 ശതമാനവും അംഗീകരിക്കുവാന്‍ ഒരു ദിവസത്തിലേറെ എടുക്കുന്നുണ്ട്. ഇവയില്‍ 60 ശതമാനവും മൂന്നു ദിവസത്തിലേറെയും എടുക്കുന്നുണ്ട്. പേഴ്സണല്‍ വായ്പകളില്‍ 77 ശതമാനവും അംഗീകരിക്കുവാനായി ഒരു ദിവസത്തിലേറെ എടുക്കുന്നുണ്ട്. ഇവയില്‍ മൂന്നു ദിവസത്തിലേറെ വേണ്ടി വരുന്നത് 58 ശതമാനത്തിനാണ്. ഇരുചക്ര വാഹന വായ്പകളില്‍ 91 ശതമാനവും കാര്‍ വായ്പകളില്‍ 87 ശതമാനവും അനുവദിക്കാനായി ഒരു ദിവസത്തിലേറെ എടുക്കുന്നു എന്നും ട്രാന്‍സ്യൂണിയന്റെ വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

TAGS: Trans Union |