കുടുംബശ്രീ കർഷക സംഘങ്ങൾക്കുള്ള വായ്പ : നബാർഡും ബാങ്ക് ഓഫ് ഇന്ത്യയുമായി ധാരണ

Posted on: January 29, 2020

തിരുവനന്തപുരം : കുടുംബശ്രീയുടെ 3000 കൃഷി സംഘങ്ങൾക്ക് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തുന്നതിനാവശ്യമായ വായ്പ ലഭ്യമാക്കുന്നതിനായി ബാങ്ക് ഓഫ് ഇന്ത്യയും നബാർഡും കുടുംബശ്രീയും ഒരുമിക്കുന്നു. കുടുംബശ്രീ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജെ.സുരേഷ് കുമാർ, ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി സോണൽ മാനേജർ വിമൽ കുമാർ ജി എന്നിവർ ഇതു സംബന്ധിച്ച കരാറിൽ ഒപ്പു വച്ചു.

കുടുംബശ്രീ കർഷക സംഘങ്ങൾക്ക് കൂട്ടു കൃഷി നടത്താനായി പത്തു ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ ലഭ്യമാക്കും. നിലവിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷക സംഘങ്ങൾക്കും പാട്ടക്കരാർ സമർപ്പിക്കാതെ തന്നെ വായ്പ ലഭ്യമാക്കുന്നതിനും അവസരമൊരുങ്ങും. ബാങ്ക് ഓഫ് ഇന്ത്യയാണ് കർഷക സംഘങ്ങൾക്ക് വായ്പ നൽകുക. ഇങ്ങനെ വായ്പ ലഭിക്കുന്ന ഗ്രൂപ്പുകളുടെ കൃത്യമായ തിരിച്ചടവിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ഒന്നിന് 2000 രൂപ വീതം നബാർഡ് കുടുംബശ്രീക്ക് പ്രമോഷണൽ ഇൻസന്റീവും നൽകും. നിലവിലെ കൃഷി കൂടുതൽ ഊർജിതവും കാര്യക്ഷവുമാക്കുക, കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കുക മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുക, ആധുനിക കൃഷി ഉപകരണങ്ങൾ ലഭ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ നിറവേറ്റാൻ വായ്പ ലഭ്യമാകുന്നതോടെ കർഷക സംഘങ്ങൾക്ക് സാധിക്കും.

കർഷക സംഘങ്ങൾക്കും കമ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാർക്കും ആവശ്യമായ കാർഷിക സാങ്കേതിക പരിശീലനങ്ങൾ നബാർഡ് ലഭ്യമാക്കും. ഓരോ മൂന്നു മാസം കൂടുമ്പോഴും പദ്ധതിയുടെ നടത്തിപ്പും പ്രവർത്തന പുരോഗതിയും വിലയിരുത്താനായി പ്രോജക്ട് ഇംപ്ലിമെന്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.

ധാരണാപത്രം ഒപ്പു വയ്ക്കുന്ന ചടങ്ങിൽ നബാർഡ് ഡി.ജി.എം ജെ.സുരേഷ് കുമാർ, ബാങ്ക് ഓഫ് ഇന്ത്യ സോണൽ മാനേജർ ജി. വിമൽകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ ജി. മഹേഷ് കുമാർ, ചീഫ് മാനേജർ പരമേശ്വര അയ്യർ പി, സീനിയർ മാനേജർ രാജേഷ് ആർ, നബാർഡ് മാനേജർ രാകേഷ് വി, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ദത്തൻ സി.എസ്, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഐശ്വര്യ ഇ.എ, ആര്യ എസ്.ബി എന്നിവർ പങ്കെടുത്തു.