എം. എ യൂസഫലി കാതോലിക്കാ ബാവയെ സന്ദർശിച്ചു

Posted on: December 23, 2019

കോതമംഗലം : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം. എ യൂസഫലി യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയെ സന്ദർശിച്ചു. കോതമംഗലം മൗണ്ട് സീനായ് കാതോലിക്കേറ്റ് അരമനയിലായിരുന്നു സന്ദർശനം. ശ്രേഷ്ഠ ബാവായുടെയും പരിശുദ്ധ സഭയുടെയും ആത്മാർത്ഥ സുഹൃത്താണ് എം.എ യൂസഫലി.

ശ്രേഷ്ഠ ബാവയെ താൻ എന്നും പ്രാർത്ഥനകളിൽ ഓർക്കാറുണ്ടെന്നും 92-മത് വയസ്സിലും ശ്രേഷ്ഠ ബാവയെ മുഖത്ത് കാണുന്ന ഈ ശോഭ അത്യുന്നതങ്ങളിലെ ദൈവത്തിൽ നിന്നുമുള്ളതാണെന്നും യൂസഫലി പറഞ്ഞു. ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കുവെച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.

എം.എ.കോളജ് ഗ്രൗണ്ടിൽ ഹെലികോപ്ടർ ഇറങ്ങിയശേഷം അരമനയിൽ എത്തിയ എം.എ.യൂസഫലി അരമണികുറിലേറെ ബാവയുമായി സംസാരിച്ചു. മധ്യപൂർവ്വ ദേശത്ത് സുറിയാനി സഭയ്ക്ക് നൽകിയ സംഭാവനകളെ പ്രതി യൂസഫലിക്ക് കാലം ചെയ്ത പരിശുദ്ധ ഇഗ്‌നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ കമാണ്ടർ പദവി നൽകി ആദരിച്ചിരുന്നു.

TAGS: M.A Yusuff Ali |