സി. കെ. മേനോന് തൃശ്ശൂരില്‍ നഗരജനതയുടെ ആദരം

Posted on: November 11, 2019

തൃശ്ശൂര്‍ : നന്മ നിറഞ്ഞ പ്രവൃത്തികളിലൂടെയും വ്യവസായസാമ്രാജ്യത്തിലൂടെയും പ്രശസ്തനായ അഡ്വ. സി. കെ. മേനോന് നഗരജനതയുടെ പ്രമാണം. ചേക്കിന്‍കാട് മൈതാനത്ത് സി. കെ. മേനോന്‍ അനുസ്മരണസമിതി സംഘടിപ്പിച്ച ചടങ്ങില്‍ ഭരണകര്‍ത്താക്കളും മുന്‍ നിര രാഷ്ട്രീയക്കാരും മറ്റ് പ്രമുഖരും പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം ഉദ്ഘാടനം ചെയ്തത്. മുന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ അധ്യക്ഷത വഹിച്ചു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.

വ്യവസായരംഗത്തുണ്ടായ വളര്‍ച്ചയെ സമൂഹത്തിന് ഗുണകരമാക്കിയ ആളായിരുന്നു സി. കെ. മേനോന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പതിറ്റാണ്ടുകളിലൂടെ അദ്ദേഹം വ്യവസായരംഗത്ത് നേടിയെടുത്ത വിജയത്തിലൂടെ ലഭിച്ച പണത്തിന്റെ വലിയ പങ്ക് സാധാരണക്കാര്‍ക്ക് മാറ്റിവെച്ചു. സ്വന്തം നാടിന്റെ പുരോഗതി ലക്ഷ്യമിട്ട മനുഷ്യ സ്‌നേഹിയായിരുന്നു അദ്ദേഹം.

നോര്‍ക്ക വൈസ് ചെയര്‍മാന്‍ എന്ന നിലയിലും സര്‍ക്കാര്‍ ലോക കേരളസഭ സംഘടിപ്പച്ചപ്പോഴും മേനോന്‍ നല്‍കിയ സേവനങ്ങള്‍ മഹത്തരമായിരുന്നു. നോര്‍ക്കയ്ക്കും മുന്‍പേ പ്രവാസി മലയാളികളുടെ പ്രശ്‌നത്തില്‍ സജീവമായി മേനോന്‍ ഇടപെട്ടിരുന്നു.- മുഖ്യമന്ത്രി അനുസ്മരിച്ചു. അംഗീകാരങ്ങളുടെ ഉയരം കൂടുംതോറും മേനോന്‍ കൂടുതല്‍ മനുഷ്യ സ്‌നേഹിയായി മാറിയെന്ന് സ്പീകര്‍പറഞ്ഞു.

35 കൊല്ലം പ്രവാസമേഖലയില്‍ സഹയാത്രികരായിരുന്നു അനുഭവം ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി പങ്കുവെച്ചു. കുവൈത്ത് യുദ്ധകാലത്ത് മൂന്നു ലക്ഷം മലയാളികളെ രക്ഷിക്കാന്‍ ജോര്‍ദാനിലെ അമ്മാനില്‍ ഒരുമിച്ചാണ് പോയത്. ഇറാഖിലെ എര്‍ബിലില്‍ നഴ്‌സുമാരുടെ മോചനത്തിനു പോയപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. ഡല്‍ഹിയില്‍ കേരള ഇസ് ലാമിക് സെന്റര്‍ നിര്‍മിക്കാന്‍ സ്ഥമില്ലെന്നു പറഞ്ഞ് ഭാരവാഹികള്‍ സമീപിച്ചപ്പോള്‍ തന്നേക്കാള്‍ മുന്‍പേ 25 ലക്ഷം രൂപ നല്‍കിയത് സി. കെ. മേനോന്‍ ആയിരുന്നെങ്കിലും അദ്ദേഹം അനുസ്മരിച്ചു.

ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മിസോറം ഗവര്‍ണര്‍ പി. സെ്. ശ്രീധരന്‍പിള്ള എന്നിവരുടെ സന്ദേശം ചടങ്ങില്‍ വായിച്ചു. മേയര്‍ അജിതാ വിജയന്‍, മന്ത്രിമാരായ എ. സി. മൊയ്തീന്‍, സി. രവീന്ദ്രനാഥ്, ടി. എന്‍ പ്രതാപന്‍ എം. പി., പി. കെ. കുഞ്ഞാലിക്കുട്ടി എം. പി., കെ. വി. അബ്ദുല്‍ ഖാദര്‍ എം. എല്‍. എ., മുന്‍മന്ത്രിമാരായ എം. എ. ബേബി, കെ. സി. ജോസഫ്, കെ. പി. വിശ്വനാഥന്‍, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, സി. പി. ഐ. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, കളക്ടര്‍ എസ്. ഷാനവാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

അച്ഛന്‍ കാണിച്ചുതന്ന പാഠങ്ങള്‍ മാതൃകയാണെന്നും അതു പിന്തുടരുമെന്നും സി. കെ. മേനോന്റെ മകന്‍ ജെ. കെ. മേനോന്‍ പറഞ്ഞു. സി. പി. എം. ജില്ലാ സെക്രട്ടറി എം. എം. വര്‍ഗീസ്, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി പത്മജാ വേണുഗോപാല്‍, കല്യാണ്‍ സില്‍ക്‌സ് എം. ഡി. ടി. എസ് പട്ടാഭിരാമന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ്. ബാബു, എം. ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ സിറിയക് തോമസ്, മാതൃഭൂമി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഇ. സലാഹുദ്ദീന്‍, മനോരമ കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ പി. എ. കുര്യാക്കോസ്, കേരളകൗമുദി ബ്യൂറോ ചീഫ് പ്രഭുവാര്യര്‍, അനുസ്മരണസമിതി കണ്‍വീനര്‍ എം. കെ. ഹരിദാസ്, കൗണ്‍സിലര്‍ ജോണ്‍ ഡാനിയല്‍, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പൊതുവാള്‍, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് എം. ചന്ദ്രശേഖരന്‍, കൗണ്‍സിലര്‍ എം. എസ്. സമ്പൂര്‍ണ ജയരാജ് വാരിയര്‍, ഒ. അബ്ദുറഹിമാന്‍കുട്ടി, വി. ബലറാം. പി. എ. മാധവന്‍, എന്‍. കെ. സുധീര്‍, കെ. മോഹന്‍ദാസ്, വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

TAGS: C.K. Menon |