സി കെ മേനോന്റെ നിര്യാണത്തിൽ എം. എ. യൂസഫലി അനുശോചിച്ചു

Posted on: October 3, 2019

കൊച്ചി : പ്രമുഖ പ്രവാസി വ്യവസായിയും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പദ്മശ്രീ അഡ്വ. സി കെ മേനോന്റെ നിര്യാണത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി.  കഴിഞ്ഞ 35 വർഷങ്ങളായി ഒരുമിച്ച് പൊതുകാര്യങ്ങളിൽ ഇടപെടുകയും സഹോദരതുല്യനും സുഹൃത്തും നോർക്ക റൂട്ട്‌സ് വൈസ് ചെയർമാനുമായ സി.കെ. മേനോന്റെ നിര്യാണത്തിൽ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് എം എ യൂസഫലി പറഞ്ഞു.

ഗൾഫ് യുദ്ധകാലത്ത് കുവൈത്തിലുണ്ടായിരുന്ന മലയാളികളടക്കമുള്ള ഇന്ത്യാക്കാരെ നാട്ടിലെക്ക് തിരിച്ചയക്കാനും, നോർക്ക റൂട്ട്‌സിൽ എന്റെ സഹപ്രവർത്തകനായിരിക്കെ നാട്ടിലേക്ക് മടങ്ങാനാകാതെ ഇറാഖിൽ കുടുങ്ങിക്കിടന്ന നേഴ്‌സുമാരെ പുനരധിവസിപ്പിക്കുന്നതിനും മറ്റും ഒരുമിച്ച് പ്രവർത്തിച്ചത് ഈ അവസരത്തിൽ ഓർക്കുന്നു. അദ്ദേഹത്തിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു എറണാകുളം വളഞ്ഞമ്പലത്തെ വസതിയായ സൗപർണികയിൽ എത്തിയ എം. എ. യൂസഫലി സന്തപ്ത കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.