മെട്രോ രണ്ടാം ഘട്ടം : മൂലധന വിപണിയില്‍ നിന്ന് 1,000 കോടി സമാഹരിക്കും

Posted on: November 6, 2019

കൊച്ചി : കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണത്തിനു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) മൂലധന വിപണിയില്‍ നിന്നു പണം സ്വരൂപിക്കാന്‍ ഒരുങ്ങുന്നു. കലൂര്‍ രാജ്യാന്തര സ്റ്റേഡിയം മുതല്ഡ കാക്കനാട് സ്മാര്‍ട്ട് സിറ്റി വരെയുള്ള പുതിയ ലൈനിനു ബോണ്ടുകള്‍ വഴി 1,000 കോടി രൂപയെങ്കിലും സമാഹരിക്കുകയാണു ലക്ഷ്യം. ഇതിനു മുന്നോടിയായി കെഎംആര്‍എല്‍-ന്റെ ക്രെഡിറ്റ് റേറ്റിംഗ് നിശ്ചയിക്കാന്‍ ഐസിആര്‍എ, ഇന്ത്യ റേറ്റിംഗ് എന്നീ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി.

ബോണ്ടിലൂടെ മൂലധന സമാഹരണത്തിനു പ്രാരംഭ നടപടികളേ ആയിട്ടുള്ളൂ. ഇതിനു ബോര്‍ഡ് ഓഫ് ഡയറക് ടേഴ്‌സ് യോഗത്തിന്റെയും സര്‍ക്കാരിന്റെയും അനുമതി വേണം. കാക്കനാട് ലൈനിന് അനുമതി തേടി കെഎംആര്‍എല്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തെ സമീപിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. 2,310 കോടി രൂപയുടെ പദ്ധതിയില്‍ 400-500 കോടി രൂപ മാത്രമാണു കേന്ദ്ര വിഹിതം. 1,200 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ മുടക്കേണ്ടിവരും.

എംജി റോഡ് സ്‌റ്റേഷനില്‍ നിന്നു മറൈന്‍ ഡ്രൈവ് വഴി ജോസ് ജംഗ്ഷനിലെത്തുന്ന ലൂപ് ലൈന്‍ നിര്‍മിക്കാനും കെഎംആര്‍എല്‍ ന് ആലോചനയുണ്ട്. ഇതിനുള്ള മുഴുവന്‍ പണവും സംസ്ഥാനം കണ്ടെത്തണം. ലൂപ് ലൈന്‍ നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ ബോണ്ടുകള്‍ വഴി കൂടുതല്‍ പണം സമാഹരിക്കാനും ആലോചനയുണ്ട്. 5,100 കോടിയോളം രൂപ ചെലവുള്ള മെട്രോ റെയില്‍ പദ്ധതിയുടെ വിദേശ വായ്പയുടെ തിരിച്ചടവ് കാര്യമായി ആരംഭിച്ചിട്ടില്ല. മെട്രോ തൈക്കൂടം വരെ എത്തിയതോടെ യാത്രക്കാരുടെ എണ്ണം കൂടിയതിനാല്‍ പ്രതിദിന പ്രവര്‍ത്തന നഷ്ടം ഒഴിവാക്കാനായി.

മൂലധന വിപണിയില്‍ നിന്നു ധന സമാഹരണത്തിന്റെ ആദ്യ ഘട്ടമാണ് ക്രെഡിറ്റ് റേറ്റിംഗ്. ധന സമാഹരണം ഉദ്ദേശിക്കുന്ന സ്ഥാപനത്തിന്റെ ആസ്തി, ബാധ്യതകള്‍ പരിശോധിച്ച് സ്വതന്ത്ര കെഡിറ്റ് റേറ്റിംഗ് ഏജന്‍സി റേറ്റിംഗ് നല്‍കുന്നു. AAA+ ആണ് ഏറ്റവും ഉയര്‍ന്ന റേറ്റിംഗ്. ബോണ്ടിലെ നിക്ഷേപത്തിന്റെ സുരക്ഷയും ലാഭവും റേറ്റിംഗ് അടിസ്ഥാനപ്പെടുത്തിയാണു തീരുമാനിക്കുന്നത്. റേറ്റിംഗ് ഉയര്‍ന്നാല്‍ കൂടുതല്‍ നിക്ഷേപകര്‍ എത്തും.

ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നു നേരിട്ടോ സ്ഥാപനങ്ങളിലുമായി വില പേശിയോ ബോണ്ടുകള്‍ വില്‍ക്കാം. ബാങ്കുകള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയവയും ബോണ്ടുകളില്‍ നിക്ഷേപിക്കാറുണ്ട്. ഇതില്‍ ഏതു വേണമെന്നു അവസാന ഘട്ടത്തിലേ തീരുമാനിക്കൂ.

രണ്ടാം ഘട്ടത്തില്‍ 11 സ്റ്റേഷനുകള്‍. 11.2 കിലോമീറ്റര്‍ ദൂരം. 2,310 കോടി രൂപ ചെലവ്. 2023 ല്‍ ഈ ലൈന്‍ പൂര്‍ത്തിയായാല്‍ പ്രതിദിനം 1.04 ലക്ഷം ആളുകള്‍ മെട്രോയില്‍ യാത്രക്കാരായി ഉണ്ടാവുമെന്നാണു കണക്ക്.

TAGS: Kochi Metro |