നവീനമായ ആശയങ്ങൾ സ്വീകരിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ : രവി അറോറ

Posted on: October 24, 2019

കേരള മാനേജ്‌മെന്റ് അസോസിയേഷൻ കൊച്ചിയിൽ സംഘടിപ്പിച്ച പുതുമകളിലേക്കുള്ള മുന്നേറ്റം എന്ന വിഷയത്തിൽ ടാറ്റാസൺസ് ഇന്നവേഷൻ വൈസ് പ്രസിഡന്റ് രവി അറോറ സംസാരിക്കുന്നു എസ് .രാജ് മോഹൻ നായർ, ജിബു പോൾ, ബിബു പുന്നൂരാൻ എന്നിവർ സമീപം.

കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ ഇഗ്‌നൈറ്റിങ് ഇന്നവേഷൻ – ദി ടാറ്റാ വേ എന്ന വിഷയത്തിൽ സായാഹ്ന പ്രഭാഷണം സംഘടിപ്പിച്ചു. ടാറ്റാസൺസ് ഇന്നവേഷൻ വിഭാഗം വൈസ് പ്രസിഡന്റ് രവി അറോറ പ്രഭാഷണം നടത്തി. കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം പുതുമ എപ്പോഴും അപകടസാധ്യത ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ പുതുമ സ്വീകരിക്കാനുള്ള മനഃസ്ഥിതി ഉണ്ടാവുക എന്നതാണ് പ്രധാനം. നവീനമായ ആശയങ്ങൾ സ്വീകരിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ. നൂതനത്വം കോർപ്പറേറ്റുകളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ഉത്പന്നം എത്ര മനോഹരമായി രൂപകൽപന ചെയ്യുന്നു എന്നത് അനുസരിച്ചിരിക്കും അതിന്റെ സ്വീകാര്യത. സുസ്ഥിരമായ പുതുമ സ്വീകരിക്കുക എന്നതും പ്രധാനമാണ്. കോർപ്പറേറ്റുകളെ സംബന്ധിച്ച് പുതുമ സ്വീകരിക്കുക അത്ര എളുപ്പമല്ല. അത് ഒരു വിഷയമായി പഠിപ്പിക്കാനും കഴിയില്ല. ആശയങ്ങൾക്കൊപ്പം പരിഹാരവും ഉണ്ടാകണം. ആശയവും പരിഹാരവും താദാത്മ്യം പ്രാപിച്ചു വരണം. പക്ഷെ കോർപ്പറേറ്റുകളെ സംബന്ധിച്ച് നൂതനത്വം കൈവരിക്കുമ്പോൾ തന്നെ പരിഹാരമാർഗങ്ങൾ കൂടി കണ്ടെത്തേണ്ടതായി വരും. കൃത്യമായ ഇടവേളകളിൽ പുതുമ കൈവരിച്ചതാണ് ടാറ്റായുടെ വളർച്ചയ്ക്ക് പിന്നിൽ. ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും പുതുമയെ സ്വീകരിക്കാൻ ടാറ്റായ്ക്ക് കഴിഞ്ഞു എന്നത് കമ്പനിക്ക് സാമ്പത്തിക ഭദ്രത കൈവരിക്കാനും സഹായകരമായതായി രവി അറോറ പറഞ്ഞു.

കെ.എം.എ പ്രസിഡൻറ് ജിബു പോൾ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്. രാജ്മോഹൻ നായർ ആമുഖ പ്രസംഗം നടത്തി. ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ നന്ദി പറഞ്ഞു.