ഓണം വില്‍പ്പന : സപ്ലൈകോ നേടിയത് 147 കോടി രൂപ

Posted on: September 21, 2019

കൊച്ചി : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഓണക്കാല വില്‍പ്പനയിലൂടെ നേടിയത് 147 കോടി രൂപ. പ്രത്യേക ഓണച്ചന്തകള്‍ മുഖേനയും ഓണം ഓഫറുകളുമായി പ്രവര്‍ത്തിച്ച വില്‍പ്പന ശാലകള്‍ വഴിയും 10 ദിവസം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഓണം സീസണില്‍ കാര്യമായ നേട്ടം കൈവരിക്കാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിരുന്നില്ല.

1487 ഓണം ഫെയറുകളാണ് കേരളത്തില്‍ സംഘടിപ്പിച്ചത്. സ്ഥിരം വില്‍പ്പന ശാലകളില്‍ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ലഭ്യമാക്കിയും കൂടാതെ പച്ചക്കറി സ്റ്റാളുകള്‍, മിനി ഫെയറുകളും ഓണം വില്‍പ്പനയുടെ ഭാഗമായി നടത്തിയിരുന്നു. സൂപ്പര്‍മാര്‍ക്കറ്റ് ശൈലിയില്‍ നടത്തിയ ജില്ലാ ഫെയറുകളില്‍ കുടുംബശ്രീ, മില്‍മ, കയര്‍ കോര്‍പ്പറേഷന്‍, സാഫ്, ഹോര്‍ട്ടി കോര്‍പ് തുടങ്ങിയ സ്ഥാപനങ്ങളും സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നു. ഇതിനു പുറമെ സപ്ലൈകോ ഗൃഹോപകരണ വില്‍പ്പനയും ഫെയറുകളുടെ ഭാഗമായി നടത്തി. ഗൃഹോപകരണ വില്‍പ്പന വഴി മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് സപ്ലൈകോ അറിയിച്ചു.

അഞ്ച് മേഖളകളായാണ് ഫെയറുകള്‍ സംഘടിപ്പിച്ചത്. ഇതില്‍ തിരുവനന്തപുരം കൊല്ലം ഉള്‍പ്പെടുന്ന മേഖലകളിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഇവിടെ 32 കോടി രൂപയുടെ വില്‍പ്പനയാണ് കൈവരിച്ചത്.

സെപ്റ്റംബര്‍ മാസം മാത്രം 450 കോടി രൂപയുടെ വില്‍പ്പനയാണ് പ്രതീക്ഷിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 4,500 കോടി രൂപയുടെ വില്‍പ്പനയാണ് ലക്ഷ്യം വച്ചിട്ടുള്ളത്.
പുതിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സപ്ലൈകോയുടെ വിവിധ വില്‍പ്പന ശാലകള്‍ നവീകരിച്ചു വരികയാണ്. നടപ്പ് സാമ്പത്തിക വര്‍ഷം 119 വില്‍പ്പന ശാലകളാണ് നവീകരിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇതിനു പുറമെ പിറവത്ത് സബര്‍ബന്‍ മാള്‍, ഗൃഹോപകരണങ്ങള്‍ക്ക് മാത്രമായി പ്രത്യേകം വില്‍പ്പന ശാലകള്‍ ഗോഡൗണ്‍ കോംപ്ലക്‌സ് തുടങ്ങിയവയാണ് പുതിയ പദ്ധതികള്‍.

TAGS: Supplyco |