കോർപറേറ്റ് ഭരണക്രമം കൂടുതൽ ശക്തവും സുതാര്യമാക്കാൻ ഐസി എസ് ഐ

Posted on: August 17, 2019

കൊച്ചി : കമ്പനി സെക്രട്ടറിമാരുടെ നിയമനവും പ്രവർത്തന കാലവും നിരീക്ഷിക്കുന്നതിനും ഈ രംഗത്ത് കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ഇ-സി.എസ്.ഇൻ നമ്പർ ഏർപ്പെടുത്തി. ഓരോ സ്ഥാപനത്തിലും കമ്പനി സെക്രട്ടറിയെ നിയമിക്കുമ്പോൾ കംപ്യട്ടർ സംവിധാനത്തിലൂടെ അക്കങ്ങളും അക്ഷരങ്ങളും ചേർന്ന ഈ കോഡ് സ്വയം തയാറാക്കപ്പെടും. സേവനം അവസാനിപ്പിക്കുന്നതും ഇതേ രീതിയിൽ രേഖപ്പെടുത്തും.

കൂടുതൽ മികച്ച ഭരണക്രമം പ്രദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്പനി സെക്രട്ടറിമാർ  നടത്തുന്ന അറ്റസ്റ്റു ചെയ്യൽ സാക്ഷ്യപ്പെടുത്തൽ എന്നിവ കൈകാര്യം ചെയ്യാനായി യു.ഡി.ഐ.എൻ. സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാജ അറ്റസ്റ്റേഷനും സാക്ഷ്യപ്പെടുത്തലും തടയാനും സാക്ഷ്യപ്പെടുത്തലുകളുടെ പരിധി സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കപ്പെടാനും ഈ സംവിധാനം സഹായകമാകും.

കോർപറേറ്റ് ഭരണ സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനു സഹായകമാകുന്ന വിധത്തിൽ ഏകീകൃതവും ആധുനീകവുമായ ഓഡിറ്റിംഗ് മാനദണ്ഡങ്ങൾക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്്. ഓഡിറ്റിംഗിനായി നിയോഗിക്കൽ, ഓഡിറ്റിംഗ് നടപടിക്രമങ്ങളും ഡോക്യുമെന്റേഷനും, അഭിപ്രായങ്ങൾ സ്വരൂപിക്കൽ, സെക്രട്ടേറിയൽ ഓഡിറ്റ് തുടങ്ങിയ നാല് ഓഡിറ്റിംഗ് മാനദണ്ഡങ്ങളാണ് ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചിട്ടുള്ളത്. ഇതുവഴി കോർപറേറ്റ് രംഗത്തെ ഓഡിറ്റിംഗിൽ ഏകരൂപവും സ്ഥിരതയും ഏർപ്പെടുത്താനാവും. സെക്രട്ടേറിയൽ നടപടിക്രമങ്ങൾ സംബന്ധിച്ചും ഇൻസ്റ്റിറ്റ്യൂട്ട് നാലു മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവയിൽ ഡയറക്ടർ ബോർഡ് ചേരുന്നതും പൊതുയോഗം വിളിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര കമ്പനി കാര്യ മന്ത്രാലയം തീരുമാനമെടുത്തിട്ടുണ്ട്. ലാഭവിഹിതം നൽകൽ, ഡയറക്ടർ ബോർഡിന്റെ റിപ്പോർട്ട് തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ കമ്പനികൾക്ക് സ്വയം തീരുമാനിച്ചു പിന്തുടരാം.

ഐ.സി.എസ്.ഐ. പരീക്ഷകളുടെ രീതികളിൽ മാറ്റം വരുത്താനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് എളുപ്പത്തിൽ പരീക്ഷയിൽ പങ്കെടുക്കാനാവും വിധം 2019 ഡിസംബർ മുതൽ മോഡ്യൂൾ ഒന്നിന്റെ ഒരു പേപ്പറിനു തുടർച്ചയായി മോഡ്യൂൾ രണ്ടിന്റെ ഒരു പേപ്പർ ആയിരിക്കും ഉണ്ടാകുക. കമ്പനി സെക്രട്ടറി പ്രൊഫഷണൽ പ്രോഗ്രാമിലും ഇതേ രീതിയിൽ മോഡ്യൂൾ ഒന്ന്, രണ്ട്, മൂന്ന് എന്നിവയുടെ ഓരോ പേപ്പറുകളാവും തുടർച്ചായി ഉണ്ടാകുക. മുഴുവൻ ഷെഡ്യൂളും ഇതേ രീതിയിൽ
തന്നെയാവും തുടരുക. കമ്പനി സെക്രട്ടറി പ്രൊഫഷനെ കുറിച്ചു കൂടുതൽ ബോധവൽക്കരണം നടത്തുന്നതിനായി അന്താരാഷ്ട്ര കോമേഴ്സ് ഒളിമ്പിയാഡ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സയൻസ് ഒളിമ്പിയാഡ് ഫൗണ്ടേഷനുമായി ധാരണാ പത്രം ഒപ്പു വെച്ചിട്ടുണ്ട്.

കമ്പനി സെക്രട്ടറി കോഴ്സ് രജിസ്ട്രേഷൻ ഫീസിൽ വിവിധ വിഭാഗങ്ങൾക്ക് ഇളവ് നൽകാനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. വീരത്യാഗം ചെയ്തവരുടെ വിധവകളും ആശ്രിതരും, സ്ഥിരമായ അംഗവൈകല്യമുള്ളവർ, സായുധന സേനകളിലും എല്ലാ അർധ സൈനിക വിഭാഗങ്ങളിലുമുള്ള സേവനത്തിലുള്ളതും വിരമിച്ചതുമായ വ്യക്തികൾ തുടങ്ങിയവർക്കാണ് ഇളവു നൽകുക.

ബികോമിനും ഐ.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളിലും സ്പെഷലൈസ്ഡ് പ്രോഗ്രാമുകൾ പേപ്പറുകൾ എന്നിവയ്ക്കും ഉയർന്ന റാങ്കു നേടുന്നവർക്ക് ഐ.സി.എസ്.ഐ. സിഗ്‌നേചർ അവാർഡ് ഏർപ്പെടുത്താനും സ്വർണ മെഡലുകൾ നൽകാനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മികച്ച വിദ്യാർത്ഥികളെ കമ്പനി സെക്രട്ടറി കോഴ്സിനായി സഹായിക്കുവാൻ ഐ.സി.എസ്.ഐ. സ്റ്റുഡന്റ്സ് എജ്യൂക്കേഷൻ ഫണ്ട് ട്രസ്റ്റ് രൂപവത്ക്കാനും ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുണ്ട്. 58,000 അംഗങ്ങളുള്ള ഇൻസ്റ്റിറ്റ്യൂട്ട് മൂന്നര ലക്ഷത്തോളം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഐസിഎസ്ഐ പ്രസിഡന്റ് രഞ്ജിത് പാണ്ടെ, സെൻട്രൽ കൗൺസിൽ മെംമ്പർ നാഗേന്ദ്ര ഡി. റാവു, കൊച്ചി ചാപ്റ്റർ ചെയർമാൻ ആഷിഷ് മോഹൻ, എസ്ഐആർസി ഐസിഎസ്ഐ ചെയർമാൻ മോഹൻ കുമാർ എ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.