ഐ.സി.എസ്.ഐ. സുവർണ ജൂബിലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Posted on: November 22, 2017

തിരുവനന്തപുരം : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ സുവർണ ജൂബിലി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു, സ്മാർട്ട് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ബി.കെ. മോദി, രാജ്യത്തെ പ്രമുഖ കോർപറേറ്റ് സ്ഥാപനങ്ങളിലെ സിഇഒമാർ, സിഎഫ്ഒമാർ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. മികച്ച ഭരണത്തിലൂടെ 2022-ൽ പുതിയൊരു ഇന്ത്യയ്ക്കു രൂപം നൽകുന്ന കമ്പനി സെക്രട്ടറിമാർ എന്നതാണ് ത്രിദിന വാർഷിക സമ്മേളനത്തിന്റെ പ്രമേയം.

മികച്ച രീതിയിലുള്ള കോർപറേറ്റ് ഭരണത്തിനായി കഴിഞ്ഞ 50 വർഷമായി വഴികാട്ടുന്ന ഐ.സി.എസ്.ഐ.യുടെ പ്രവർത്തനങ്ങളെ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. മികച്ച ഭരണ ക്രമങ്ങളോടെ 2022 ൽ പുതിയൊരു ഇന്ത്യയ്ക്കു രൂപം നൽകുന്നതിന് ഇൻസ്റ്റിറ്റ്യൂട്ടും അതിന്റെ പ്രവർത്തകരും നൽകി വരുന്ന സംഭാവനയേയും അദ്ദേഹം പ്രകീർത്തിച്ചു.

കോർപറേറ്റ് ഭരണ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനു മുൻഗണന നൽകിക്കൊണ്ട് നമ്മുടെ കമ്പനികളിലെ നടപടിക്രമങ്ങൾ പുനർനിർവ്വചിക്കുന്നതിനാണ് ഐ.സി.എസ്.ഐ. ശ്രമിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് ഡോ. ശ്യാം അഗ്രവാൾ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര കോർപറേറ്റ് ഭരണ കോഡ് എന്ന ആശയം ആദ്യം മുന്നോട്ടു വെച്ചത് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. കമ്പനി സെക്രട്ടറിമാരെ പരിശീലിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രംഗത്തെ ഏക അംഗീകൃത സ്ഥാപനമാണ് ഐ.സി.എസ്.ഐ. എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച ഭരണ ക്രമം നടപ്പാക്കുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത സമീപനം കൈക്കൊള്ളുന്നതിനെക്കുറിച്ച് സമ്മേളനം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സൗകര്യപ്രദമായ രീതിയിൽ ബിസിനസ് ചെയ്യുന്ന രംഗത്തെ ആഗോള മുൻനിരക്കാർ എ്ന്ന നിലയിലേക്ക് ഇന്ത്യയെ എത്തിക്കുന്നതിൽ കമ്പനി സെക്രട്ടറിമാർക്ക് മുഖ്യ പങ്കു വഹിക്കാനുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച സ്മാർട്ട് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ബി.കെ. മോദി ചൂണ്ടിക്കാട്ടി. ഇൻസോൾവൻസി ആന്റ് ബാങ്ക്റപ്സി കോഡ്, ചരക്കു സേവന നികുതി, പുതിയ ഇന്ത്യയിൽ ഐ.സി.എസ്.ഐ.യുടെ പങ്ക് തുടങ്ങിയ നിരവധി വിഷയങ്ങൾ മൂന്നു ദിവസത്തെ സമ്മേളനത്തിൽ ചർച്ച ചെയ്യും.