തോമസ് ജോസഫ് കൊട്ടുകാപ്പള്ളി അന്തരിച്ചു

Posted on: August 12, 2018

പാലാ : പ്രമുഖ വ്യവസായിയും പ്ലാന്ററുമായിരുന്ന തോമസ് ജോസഫ് (അപ്പച്ചൻ) കൊട്ടുകാപ്പള്ളി (88) അന്തരിച്ചു. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പാലാ സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. പാല നഗരസഭയുടെ പ്രഥമ ചെയർമാനും മുൻ പാർലമെന്റ് അംഗവും യുഎന്നിൽ ഇന്ത്യയുടെ പ്രതിനിധിയുമായിരുന്ന ജോർജ് തോമസ് കൊട്ടുകാപ്പള്ളിയുടെ മകനാണ്. തീക്കോയി റബേഴ്‌സ് മാനേജിംഗ് ഡയറക്ടറായിരുന്നു. 1963 മുതൽ 1979 വരെയുള്ള 16 വർഷം പാലാ മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്നു.

പ്രമുഖ ബേക്കറി ശൃംഖലയായ ആൻസ് ഹൗസ് ഓഫ് സ്വീറ്റ്‌സ് ഉടമ അന്നമ്മ ജോസഫ് ആണ് ഭാര്യ. മക്കൾ അപർണ ജോർജ്, അനൂപ് ജോസഫ്, അനിൽ ജോസഫ്. മരുമക്കൾ : അബി ജോർജ് മൂഴിയിൽ (അബുദാബി), മീറ അനൂപ് ചെങ്ങളത്തുപറമ്പിൽ (പത്തനംതിട്ട), റ്റെറ്റിയാന അനിൽ (റഷ്യ).

ഇന്ത്യയിൽ ആദ്യമായി ഒരു നഗരസഭയിൽ ശുദ്ധജല വിതരണ പദ്ധതി ആരംഭിച്ചത് തോമസ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ നേതൃത്വത്തിൽ പാലായിലായിരുന്നു. എൽഐസിയുടെ ധനസഹായത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പാലാ നഗരസഭാ ഓഫീസ് സമുച്ചയം, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലെക്‌സ്, പാലാ ടൗൺഹാൾ, മുനിസിപ്പൽ ബസ് സ്റ്റാൻഡ് തുടങ്ങിയവയെല്ലാം തോമസ് ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഭരണനേട്ടങ്ങളാണ്.