ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യ 10 വർഷത്തിനകം വൻ മാറ്റങ്ങളുണ്ടാക്കും

Posted on: April 11, 2018

കൊച്ചി : ബാങ്കിങ്-ഫിനാൻസ്, വിവരങ്ങൾ കൈമാറൽ, ക്രൗഡ് ഫണ്ടിങ്, ഭരണ നിർവഹണം, ഡാറ്റാ ശേഖരണം, ലോജിസ്റ്റിക്‌സ്, ഭൂമി രജിസ്‌ട്രേഷൻ തുടങ്ങിയ നിരവധി മേഖലകളിൽ അടുത്ത 10 വർഷത്തിനകം വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യയ്ക്ക് കഴിയുമെന്ന് ഐക്യൂമൻ ടെക്‌നോളജീസ് സ്ഥാപകനും ചീഫ് ബിസിനസ് ഓഫീസറുമായ കാർത്തിക് സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് സംഘടിപ്പിച്ച ബ്ലോക്‌ചെയിൻ ടെക്‌നോളജി സെമിനാറിൽ സംസാരിക്കുകയായിരുന്നു അദേഹം.

ഇന്റർനെറ്റ് യുഗത്തിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്ക് നാം കടന്നിരിക്കയാണ്. ബ്ലോക്‌ചെയിൻ ടെക്‌നോളജി ബാങ്കിംഗ് മേഖലയിലും മറ്റും നടക്കുന്ന സാമ്പത്തിക ത്തട്ടിപ്പുകൾ തടയാൻ പൂർണമായും സഹായകമാണെന്ന് കാർത്തിക് സുബ്രഹ്മണ്യൻ പറഞ്ഞു. ബ്ലോക്‌ചെയിൻ ഡാറ്റയിൽ മാറ്റങ്ങൾ വരുത്തുക അസാദ്ധ്യമായതിനാൽ തികച്ചും സുതാര്യമാണിത്. ഇന്റർനെറ്റിലേത് പോലെ ഇവിടെ വിവരങ്ങൾ ഒരു കേന്ദ്രത്തിൽ മാത്രം സൂക്ഷിച്ചുവയ്ക്കുകയല്ല; ആർക്കുവേണമെങ്കിലും വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

പല മേഖലകളിൽ നിന്നും മധ്യവർത്തികളെ ഒഴിവാക്കാൻ സഹായകമാണ് ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യ. പണം ആവശ്യമുള്ളവരും പണം വായ്പ നൽകാൻ തയ്യാറാവുന്നവരും തമ്മിൽ ബന്ധപ്പെട്ട് സുതാര്യമായ രീതിയിൽ കരാറിലേർപ്പെടുന്നതിന് ബ്ലോക്‌ചെയിൻ സഹായകമാണ്. ഇരു കക്ഷികൾക്കും ഭാവിയിൽ തള്ളിപ്പറയാൻ സാധിക്കാത്ത വിധത്തിലാവും ബ്ലോക്‌ചെയിൻ വഴിയുള്ള കരാർ. ഐപിഒ (ഇനീഷ്യൽ പബ്ലിക് ഓഫർ) പോലെ ഇനീഷ്യൽ കോയിൻ ഓഫർ (ഐസിഒ) ബ്ലോക്‌ചെയിനിൽ സാധ്യമാണ്. ബ്രിട്ടൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയെ വലുതായി പ്രോത്‌സാഹിപ്പിക്കുന്നുണ്ടെന്ന് കാർത്തിക് ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയിലധിഷ്ഠിതമായ ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികൾ ഒരു യഥാർഥ്യമാണെന്ന് ബാലസുബ്രഹ്മണ്യൻ പറഞ്ഞു. രാജ്യാതിർത്തികൾ ഭേദിച്ചുകൊണ്ടുള്ള സംവിധാനമായതിനാൽ സർക്കാരുകളും കേന്ദ്ര ബാങ്കുകളും ബിറ്റ്‌കോയിനെ എതിർക്കുക സ്വാഭാവികമാണ്. സർക്കാരിന് നിക്ഷേപകരിൽ നിന്ന് നികുതി പിരിക്കാമെന്നല്ലാതെ ബിറ്റ്‌കോയിൻ നിരോധിക്കുക സാദ്ധ്യമല്ല. ഇന്തോ-അമേരിക്കൻ ചേംബർ ഓഫ് കോമേഴ്‌സ് ചെയർമാൻ പി. രവീന്ദ്രനാഥ് സ്വാഗവും വൈസ് ചെയർമാൻ അംബരീഷ് സറാഫ് നന്ദിയും പറഞ്ഞു.