ഭൂചലനം 72 മണിക്കൂറിനകം ക്ലെയിം നൽകുമെന്ന് ബജാജ് അലയൻസ്

Posted on: April 30, 2015

Bajaj-Allianz-big

കൊച്ചി : നേപ്പാളിലും ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലുമുണ്ടായ ഭൂചലനത്തിനിരയായവർക്ക് വ്യവസ്ഥകളിലും മാനദണ്ഡങ്ങളിലും കാതലായ ഇളവുകളോടെ ഏറ്റവും പെട്ടെന്ന് ഇൻഷുറൻസ് ക്ലെയിം ലഭ്യമാക്കുമെന്ന് ബജാജ് അലയൻസ് ലൈഫ് അറിയിച്ചു. അപേക്ഷകളിൻമേൽ 72 മണിക്കൂറിനകം പരമാവധി ക്ലെയിമുകൾ തീർപ്പാക്കുകയെന്ന ലക്ഷ്യവുമായാണ് പ്രവർത്തനങ്ങൾ മുന്നേറുന്നത്.

ക്ലെയിം സെറ്റിൽമെന്റിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് നാമമാത്ര രേഖകൾ മാത്രമേ നൽകേണ്ടതൂള്ളൂ. ഭൂചലനത്തിന്റെ ഫലമായാണ് മരണമുണ്ടായതെന്നു തെളിയിക്കുന്ന എന്തെങ്കിലും രേഖകളുടെ പിൻബലമുള്ള പക്ഷം ഇതു സംബന്ധിച്ച് കമ്പനിയുടെ പ്രത്യേക അന്വേഷണമില്ലാതെ തന്നെ ക്ലെയിം അനുവദിക്കും. സർക്കാർ ആശുപത്രികളിൽ നിന്നുള്ള മരണപത്രത്തിനു പുറമേ, പോലീസിന്റെയും ഇതര സർക്കാർ അധികൃതരുടെയും സൈനിക ഓഫീസർമാരുടെയും സർട്ടിഫിക്കറ്റുകളും സ്വീകരിക്കും. നോമിനികൾ നൽകേണ്ട രേഖകളും നാമമാത്രമാണ്.

പരിക്കേറ്റവർക്കുള്ള നഷ്ട പരിഹാരത്തിന്റെ കാര്യത്തിലും കടമ്പകൾ പരമാവധി ഒഴിവാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. പ്രധാനമായും ആശുപത്രിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തുക തീരുമാനിക്കും. ഇക്കാര്യങ്ങൾ എത്രയും വേഗത്തിലാക്കാൻ പ്രതിബദ്ധതയാർന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഹെൽപ്പ്‌ലൈൻ ഫോൺ നമ്പറുകളിലും ഇമെയിലിലും ഏതു സമയവും പൊതുജനങ്ങൾക്കു ബന്ധപ്പെടാനാവും.